ആഫ്രിക്കയില്‍ 66 കുട്ടികളുടെ മരണത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി; നാല് ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം


ന്യൂദല്‍ഹി: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് നാല് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് മരുന്ന് കാരണമായി എന്ന ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലിനെ തുടര്‍ന്നാണിത്.

ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മ്മിക്കുന്ന കഫ് സിറപ്പുകള്‍ക്കെതിരെയാണ് നടപടി. പ്രോമത്തസൈന്‍ ഓറല്‍ സൊലൂഷന്‍, കൊഫഫെക്‌സ്മാലിന്‍ ബേബി കഫ്‌സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയാണ് നിരോധിക്കാനൊരുങ്ങുന്നത്.

കമ്പനിക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗാംബിയയില്‍ മാത്രമാണ് ഇവര്‍ കഫ് സിറപ്പ് കയറ്റുമതി ചെയ്യുന്നത്. മരണപ്പെട്ട് കുട്ടികളുടെ കിഡ്നിക്കാണ് തകരാര്‍ സംഭവിച്ചത്. ഇത് സിറപ്പിന്റെ ഉപയോഗം കാരണമാണെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദനോം ഗേബ്രിയേസസ് പറയുന്നത്.

ഈ സിറപ്പുകളില്‍ ഡൈ എത്തിലിന്‍ ഗ്ലൈക്കോളും എത്തിലിന്‍ ഗ്ലൈക്കോളും അനുവദനീയമായ അളവില്‍ കൂടുതലുണ്ടെന്ന പരിശോധനയില്‍ വ്യക്തമായതായി ലോകാരോഗ്യ സംഘടന അറിയിച്ചു.