ജനത്തിരക്കില്‍ മാഹി പെരുന്നാൾ; രണ്ട് ദിവസം ഗതാഗത നിയന്ത്രണം, 14ന് മദ്യശാലകൾക്ക് അവധി


മാഹി: മാഹി തിരുനാളിന്റെ ഭാഗമായി രണ്ട് ദിവസങ്ങളില്‍ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ അറിയിച്ചു. പ്രധാന ദിവസങ്ങളായ 14,15 ദിവസങ്ങളിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ദിവസങ്ങളില്‍ തലശ്ശേരി ഭാഗത്തുനിന്ന്‌ വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുകൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് പോകണം.

വടകര ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ മാഹി ഗവ. ഹോസ്പിറ്റൽ ജങ്ഷനിൽനിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലീസ് സ്റ്റേഷന് മുൻവശത്ത് കൂടി കടന്ന് മാഹിപ്പാലം ഭാഗത്തേക്ക് പോകണം. മാത്രമല്ല മെയിൻ റോഡിൽ സെമിത്തേരി റോഡ് ജങ്ഷൻ മുതൽ ഗവ. ആശുപത്രി ജങ്ഷൻ വരെയും വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ല. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിന്റെ തെക്കുവശം, ഗവ. ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം എന്നിവ ഉപയോഗിക്കാം.

ഗതാഗത ക്രമീകരണങ്ങള്‍ക്കൊപ്പം തിരക്കില്‍ മോഷണം, പോക്കറ്റടി, ചൂതാട്ടം തുടങ്ങിയ തടയാന്‍ പ്രത്യേക ക്രൈം സ്‌ക്വാഡിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഒപ്പം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ, കടലാസ്‌പൊതികൾ, ബാഗ് തുടങ്ങിയവ അനുവദിക്കില്ല. തിരുനാളിനോടനുബന്ധിച്ച് 14ന് മാഹി ടൗണില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതല്ല. അനധികൃത മദ്യവിൽപ്പന തടയാനും ആവശ്യമായ നടപടി സ്വീകരിച്ചു.

കേരള പോലീസ് ബോംബ് സ്ക്വാഡിന്റെ സഹായവും ഉണ്ടാകും. കേരള പോലീസിന്റെ വടകര, തലശ്ശേരി എന്നിവിടങ്ങളിൽനിന്നുള്ള ക്രൈം ടീമിന്റെ സഹായവും ലഭിക്കും. പത്രസമ്മേളനത്തിൽ സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖം, എസ്.ഐ. കെ.സി.അജയകുമാർ എന്നിവരും പങ്കെടുത്തു.

Description: Mahi Thirunal; Traffic control for two days