അനുഗ്രഹം തേടിയെത്തിയത് ആയിരങ്ങള്‍; മാഹി സെന്റ് തെരേസ ബസിലിക്ക തിരുനാള്‍ മഹോത്സവം കൊടിയിറങ്ങി


മാഹി: പതിനെട്ട് ദിവസം നീണ്ടു നിന്ന ആഘോഷരാവുകള്‍ക്ക് ഒടുവില്‍ കൊടിയിറക്കം. മാഹി സെന്റ് തെരേസ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാള്‍ മഹോത്സവം അവസാനിച്ചു. ഉച്ചയോടെ വിശുദ്ധ മാതാവിന്റെ ദാരുശിൽപ്പം രഹസ്യ അറയിലേക്ക് മാറ്റിയതോടെയാണ് തിരുന്നാളാഘോഷങ്ങൾ അവസാനിച്ചത്‌. ബസിലിക്ക പദവി നേടിയതിന് ശേഷം ആദ്യമായി നടക്കുന്ന മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ജാതി-മത ഭേദമന്യേ ആയിരക്കണക്കിന് പേരാണ് പള്ളിയിലേക്ക് എത്തിയത്.

ഇന്ന് രാവിലെ 10:30ന് കണ്ണൂർ രൂപത വികാരി ജനറൽ മോൺ.ക്ലാരൻസ് പാലിയത്ത് കാർമികത്വത്തിൽ ആഘോഷ ദിവ്യബലി നടന്നു. തുടർന്ന് അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണവും, കുർബാന ആശിർവാദവും നടന്നു. ചടങ്ങുകളിലെല്ലാം വലിയ ഭക്തജനത്തിരക്കുണ്ടായിരുന്നു.

ഒക്ടോബർ അഞ്ചിനായിരുന്നു തിരുനാള്‍ മഹോത്സവം കൊടിയേറിയത്. അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രതിഷ്ഠിക്കുന്നതോടെയാണ് പെരുനാളാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

തിരുനാളിന്റെ പ്രധാന ദിവസങ്ങളായ 14,15 തീയതികളില്‍ മാഹിയില്‍ ജനസാഗരമായിരുന്നു ഒഴുകിയെത്തിയത്. മുന്‍കരുതലിന്റെ ഭാഗമായി ഈ രണ്ട് ദിവസങ്ങളിലും മാഹിയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിരുന്നു.

Description: Mahi St. Teresa Basilica Tirunal Festival is over