പൊട്ടി പൊളിഞ്ഞ് വെള്ളം കെട്ടി നിന്ന് മാഹി റെയിൽവെ സ്റ്റേഷൻ – അഴിയൂർ ചുങ്കം റോഡ്; പ്രതിഷേധവുമായി നാട്ടുകാര്‍
അഴിയൂർ: കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതം വിതച്ച് മാഹി റെയിൽവെ സ്റ്റേഷൻ – അഴിയൂർ ചുങ്കം റോഡ്. അഴിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കാരോത്ത് മുക്ക് ഭാഗത്തെ പിഡബ്ല്യൂഡി റോഡാണ് തകര്‍ന്ന് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടായിരിക്കുന്നത്.
റോഡ് പൂർണ്ണമായും പൊട്ടി പൊളിഞ്ഞ് വെള്ളം കെട്ടിനിന്ന് തോടിന് സമാനമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. കനത്ത മഴ കൂടി പെയ്യുന്നതോടെ റോഡില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ വെള്ളത്തില്‍ക്കൂടിയാണ് ദിനംപ്രതി പ്രദേശവാസികളും ഓട്ടോറിക്ഷ അടക്കമുള്ള ചെറുവാഹനങ്ങളും ഇതിലൂടെ കടന്നു പോവുന്നത്.
മാഹി -തലശ്ശേരി ഹൈവേയുടെ വർക്ക് നടന്നതിൻ്റെ ഭാഗമായി 6 മീറ്ററോളം ഉണ്ടായിരുന്ന റോഡ് നിലവില്‍ 4 മീറ്ററാണുള്ളത്. പലപ്പോഴും മാഹിയിൽ വാഹനഗതാഗതം തടസ്സപ്പെടുമ്പോൾ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ സഞ്ചരിക്കുന്ന സമാന്തരപാതയാണിത്.
ബസ്സ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കഷ്ടിച്ച് സഞ്ചരിക്കാൻ മാത്രം പറ്റുന്ന റോഡിലൂടെ ബസ്സുകളോ ലോറിയോ മറ്റോ സഞ്ചരിക്കുമ്പോൾ കാൽനട യാത്രക്കാര്‍ക്ക് ഈ വഴി പോവാന്‍ പറ്റാത്ത അവസ്ഥയാണ്.
അഴിയൂർ പഞ്ചായത്തും പിഡബ്ല്യൂഡിയും ചേർന്ന് പ്രശ്നത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാത്ത പക്ഷം റോഡ് ഉപരോധം അടക്കമുള്ള പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.