കൂത്താളിയിലെ കുട്ടികള്‍ ഇനി ‘വേറെ ലെവല്‍’; സൗജന്യ നീന്തല്‍ പരിശീലനവുമായി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ്
കൂത്താളി: കുളങ്ങളിലും മറ്റും നീന്തി കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജാഗ്രത ക്ലാസുകള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് കുട്ടികള്‍ക്ക് നീന്തല്‍ തന്നെ പഠിപ്പിച്ചു കൊടുത്താലോ എന്ന ചോദ്യത്തില്‍ നിന്നാണ് കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം ആരംഭിച്ചത്. പിന്നാലെ നാട്ടുകാരും ഉത്സാഹത്തോടെ ട്രസ്റ്റിനൊപ്പം കൂടിയതോടെ പരിപാടി ഉഷാറായി.
പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ നീന്തല്‍ പരിശീലന രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള പുളിയുള്ളതില്‍ ശശി കുട്ടികള്‍ക്കായി മുന്നോട്ട് വരികയായിരുന്നു. പിന്നീട് കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. ശശിയുടെ വീട്ടിലെ കുളത്തില്‍ തന്നെ പരിശീലനം ആരംഭിച്ചു. ഒക്ടോബര്‍ 2ന് ആദ്യത്തെ ബാച്ച് നീന്തനായി തയ്യാറെടുത്തു.
വിമുക്ത ഭടനായ ശശി ഏറെക്കാലമായി നീന്തല്‍ പരിശീലനരംഗത്തുണ്ട്. ഇതിനോടകം അഞ്ഞൂറിലധികം പേരെ അദ്ദേഹം നീന്തല്‍ പഠിപ്പിച്ചിട്ടുണ്ട്. നിലവില്‍ ട്രസ്റ്റിന്റെ കീഴിലുള്ള ബാച്ചില്‍ യു.പി വിഭാത്തിലുള്ള 20 കുട്ടികളാണ് നീന്തല്‍ പരിശീലിക്കുന്നത്. സ്‌ക്കൂള്‍ വിട്ടതിന് ശേഷം വൈകുന്നേരം ഒന്നര മണിക്കൂറാണ് പഠനം.
വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികളെ സ്വയം രക്ഷയ്ക്കായി നീന്തല്‍ പഠിപ്പിക്കാനാണ് പദ്ധതിയെന്ന് ട്രസ്റ്റ് സെക്രട്ടറി ടി.വി മുരളി വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മൂന്ന് ബാച്ചുകളുടെ നീന്തല്‍ പരിശീലനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കുട്ടികള്‍ക്കായി സര്‍ട്ടിഫിക്കറ്റുകളും ട്രസ്റ്റ് നല്‍കും. മാത്രമല്ല നീന്തലിനൊപ്പം പെണ്‍കുട്ടികള്‍ക്കായി കരാട്ടെ പരീശിലനവും തുടങ്ങാന്‍ പ്ലാനുണ്ട്. ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് രണ്ട് മാസക്കാലം പരിശീലനം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നീന്തല്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ വിലാസ് വിനോയ് നിർവ്വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ഇ.ടി സത്യൻ അധ്യക്ഷത വഹിച്ചു. ടി.വി മുരളി, സി പ്രേമൻ, എ.കെ ചന്ദ്രൻ, കെ.അഭിലാഷ്, ബിന്യ വിനോയ്, അർജുൻ കണ്ടോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Description: Mahatma Gramodaya Charitable Trust with free swimming lessons