മദ്രസകൾ അടച്ചുപൂട്ടണം, സർക്കാർ ധനസഹായം നൽകുന്നത് നിർത്തണം; മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നെന്ന് ബാലാവകാശ കമ്മീഷൻ
ന്യൂഡൽഹി: മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻ.സി.പി.സി.ആർ കത്തയച്ചു. സംസ്ഥാനം ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്നും നിർദേശമുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മദ്രസകൾക്ക് സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകരുതെന്നാവശ്യപ്പെട്ട് എൻ.സി.പി.സി.ആർ ചെയർമാൻ പ്രിയങ്ക് കനൂൻഗോയാണ് കത്തയച്ചത്. മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തിൽ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണ്. ഒരു ബോർഡ് പ്രവർത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തിൽ പറയുന്നു.
മദ്രസകളിൽ പഠിക്കുന്ന മുസ്‌ളിം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം. മുസ്ലിം വിദ്യാർഥികളെ സ്‌കൂളുകളിൽ കൂടി ചേർക്കണമെന്നും കത്തിൽ പറയുന്നുണ്ട്. നേരത്തെ മദ്രസകളിൽ നൽകിവരുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ ആശങ്കയറിയിച്ച് കമ്മീഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയിൽ മദ്രസകൾ വരുന്നില്ലെന്നതിനാൽ അവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്‌കൂളിലേതുപോലെ ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ലന്നു വിദ്യാഭ്യാസ അവകാശനിയമത്തിൽ പറയുന്ന ഉച്ചഭക്ഷണം, യൂണിഫോം, പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സേവനം എന്നിവയും ലഭിക്കുന്നില്ലെന്നും അന്ന് കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
അതേ സമയം മദ്രസാ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തെ ബാധിക്കില്ലെന്ന് അധികൃതര്‍. കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ ബോര്‍ഡുകളില്ല. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മദ്രസാ അധ്യാപകരുമില്ല. അതിനാല്‍ തന്നെ കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തിന് ബാധകമാകില്ല. ഇത് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ വരുന്ന മദ്രസകളെയാണ് നേരിട്ട് ബാധിക്കുക. അത്തരം ബോര്‍ഡുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.