മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നടപടി തീരുമാനിക്കാൻ ആർടിഎ യോഗം ചേരും


മടപ്പള്ളി: മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ഡ്രൈവര്‍ക്കെതിരെ ആര്‍ടിഎ യോഗത്തില്‍ നടപടി തീരുമാനിക്കും. ബസ് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, റൂറല്‍ ജില്ലാ പോലീസ് മേധാവി എന്നിവരുടെ സാന്നിധ്യത്തില്‍ കേസ് പഠിച്ച ശേഷമായിരിക്കും നടപടി എടുക്കുക.

അപകടത്തിന്റെ ദൃശ്യങ്ങള്‍ ബസിന്റെ മുമ്പിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പ്രകാരം ബസ് കുട്ടികളെ ഇടിച്ച് തെറിപ്പിക്കുന്നതും പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുന്നതുമാണ് കാണുന്നത്. ഈ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയും ബസ് ഉടമ, ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരുടെ മൊഴിയും എടുത്ത ശേഷമായിരിക്കും ഡ്രൈവറുടെ പേരില്‍ നടപടിയെടുക്കുക.

അതേ സയം ബസ് ഡ്രൈവര്‍ക്കെതിരെ ചോമ്പാല പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. കഴിഞ്ഞ ദിവസമാണ്‌ ദേശീയ പാതയിൽ മടപ്പള്ളിയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന 3 വിദ്യാർത്ഥിനികളെ ബസ് ഇടിച്ച് തെറിപ്പിച്ചത്. കണ്ണൂർ- തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടത്തിനിടയാക്കിയത്. ബസ് അന്നു തന്നെ ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.