ചടുലതയാര്‍ന്ന ചുവടുകള്‍, നിറഞ്ഞ കൈയ്യടി; ചോമ്പാല ഉപജില്ലാ കലോത്സവത്തില്‍ മനം കവര്‍ന്ന് മടപ്പള്ളി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന്റെ ഗോത്രകലകൾ


വടകര: മലപ്പുലയാട്ടം, പളിയ നൃത്തം, മം​ഗലം കളി തുടങ്ങിയവ പുതിയ മത്സര ഇനങ്ങളായിട്ടും താളം പിഴച്ചില്ല. എ ​ഗ്രേഡ് തന്നെ ചോമ്പാല ഉപജില്ലാ കലോത്സവത്തിൽ നേടിയെടുത്ത് മടപ്പള്ളി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ടീമുകൾ. ഹയർസെക്കണ്ടറി വിഭാ​ഗം മത്സരത്തിലാണ് ഒന്നാം സ്ഥാനവും എ ​ഗ്രേഡും കരസ്ഥമാക്കിയത്.

​ഗോത്രവിഭാ​ഗക്കാരുടെ കലകൾക്ക് അം​ഗീകാരം നൽകുന്നതിന്റെ ഭാ​ഗമായാണ് ഇത്തവണ മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയ നൃത്തം (കമ്പളകളി, വട്ടക്കളി), ഇരുള നൃത്തം (ആട്ടം പാട്ടം), പളിയനൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവ കലോത്സവ മത്സരയിനങ്ങളായി ഉൾപ്പെടുത്തിയത്. പുതുതായുള്ള അഞ്ച് ഇനങ്ങളിൽ മൂന്നെണ്ണത്തിലാണ് മടപ്പള്ളി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാ​ഗതതിലെ കുട്ടികൾ ചോമ്പാല ഉപജില്ലയിൽ മത്സരിച്ചത്. പങ്കെടുത്ത 3 ഇനത്തിലും ജില്ലാതലത്തിലേക്ക് മത്സരിക്കാൻ യോ​ഗ്യത നേടിയതിന്റെ സന്തോഷത്തിലാണ് മത്സരാർത്ഥികളും അധ്യാപകരുമെന്ന് അധ്യാപിക രേഷ്മ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

മത്സരിക്കാൻ വേണ്ടി തെരഞ്ഞെടുത്ത മൂന്ന് ഇനവും മത്സരാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ അപരിചിതമായിരുന്നു. ​ഗൂ​ഗിളിന്റെ സഹായത്താലും പരിചയക്കാരെയും വിളിച്ച് സംശയ നിവാരണം നടത്തി. മലപ്പുലയാട്ടം കുട്ടികൾ യൂട്യൂബ് നോക്കിയാണ് പഠിച്ചതെന്ന് രേഷ്മ ടീച്ചർ പറഞ്ഞു. ആധികാരികമായ പരിശീലനം കിട്ടിയിരുന്നില്ല. എന്നിട്ടും മത്സരിച്ച മൂന്ന് ഇനത്തിലും ജില്ലയിലേക്ക് എ ​ഗ്രേഡോടെ യോ​ഗ്യത കിട്ടിയതിൽ സന്തോഷമുണ്ടെന്നും ടീച്ചർ പറഞ്ഞു.

ജില്ലാ കലോത്സവ മത്സരത്തിൽ പങ്കെടുക്കണമെന്ന ആ​ഗ്രഹമുണ്ട്. അതിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് ആധികാരികമായ പരിശീലനം നൽകണം. ജില്ലയിലേക്ക് പോകുന്നത് സംബന്ധിച്ച് ഔദ്യോ​ഗിക തീരുമാനമായിട്ടില്ലെന്നും ടീച്ചർ വടകര ഡോട് ന്യൂസിനോട് വ്യക്തമാക്കി.