എം.പി ഫണ്ടനുവദിച്ചിട്ടും പുതിയ ആംബുലന്‍സ് വാങ്ങിയില്ല; 20 വര്‍ഷത്തോളം പഴക്കമുള്ള ആംബുലന്‍സാണ് രോഗിയുടെ ജീവന്‍ കവര്‍ന്നതെന്ന വിമര്‍ശനവുമായി എം.കെ.രാഘവന്‍ എം.പി
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വാതില്‍ തുറക്കാനാകാതെ ആംബുലന്‍സില്‍ കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ കോഴിക്കോട് ബീച്ചാശുപത്രി അധികൃതര്‍ക്കെതിരെ വിമര്‍ശനവുമായി എം.കെ രാഘവന്‍ എം.പി. ഒരു വര്‍ഷം മുമ്പ് ഫണ്ടനുവദിച്ചിട്ടും ആശുപത്രി അധികൃതര്‍ പുതിയ ആംബുലന്‍സ് വാങ്ങിയില്ലെന്ന് എം.പി കുറ്റപ്പെടുത്തി.
‘ആംബുലന്‍സ് വാതില്‍ തുറക്കാനാകാത്തതിനാല്‍ രോഗി മരിച്ചത് ബീച്ചാശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥമൂലമാണ്. 2021 ജൂണില്‍ തന്റെ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ അനുവദിച്ചിട്ടും ജില്ല ഭരണകൂടവും അന്നത്തെ ഡി.എം.ഒയും ചേര്‍ന്ന് പ്രപ്പോസല്‍ വൈകിക്കുകയായിരുന്നു. 2021 ഡിസംബറില്‍ ഞാന്‍ വീണ്ടും ബഹളമുണ്ടാക്കുകയും കത്ത് നല്‍കുകയും ചെയ്തതിനുശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗംപോലും വിളിച്ചത്. വീണ്ടും എട്ടുമാസം കഴിഞ്ഞാണ് ആംബുലന്‍സ് വാങ്ങിക്കാനാവശ്യമായ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്. ആശുപത്രിയുടെയും ജില്ല ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് വലിയ അനാസ്ഥയാണ് ഉണ്ടായത്. ഇപ്പോഴുണ്ടായ മരണത്തിന് ഉത്തരവാദികള്‍ അധികൃതരാണ്.’ -എന്നാണ് എം.പി പറഞ്ഞത്.
ബീച്ചാശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡി. കോളജിലെത്തിച്ച ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ ഏറെ നേരം അകത്തുകുടുങ്ങിയ രോഗിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫറോക്ക് കരുവന്‍തിരുത്തി എസ്.പി ഹൗസില്‍ കോയമോനാണ് (66) ആംബുലന്‍സ് തുറക്കാനാകാത്തതിനാല്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ട രോഗിയാണ് വാതില്‍ തുറക്കാനാവാതെ ആംബുലന്‍സില്‍ കുടുങ്ങിയത്. ഒടുവില്‍ വാതില്‍ വെട്ടിപ്പൊളിച്ചാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.