പയ്യോളി ഡോഗ് സ്ക്വാഡില്‍ ഇനി ലക്കിയില്ല; സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ ജീവിതത്തില്‍ നിന്ന് വിരമിച്ച് ലക്കി യാത്രയായി


പയ്യോളി: സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ മടങ്ങിവരവില്ലാത്ത ലോകത്തേക്ക് യാത്രയായി പ്രിയ ലക്കി. പയ്യോളി കെ 9 കോഴിക്കോട് റൂറൽ ഡോഗ് സ്‌ക്വാഡിലെ മിടുമിടുക്കനും വിഐപിഡ്യൂട്ടിയിലെ പ്രധാനിയുമായ ലക്കിയെന്ന ആറരവയസ്സുകാരന്‍ നായയാണ് വിടപറഞ്ഞത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്കി അസുഖ ബാധിതനായി പൂക്കോട് വെറ്റിനറി ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.

നാദാപുരം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്നായി ഭീഷണിയുയര്‍ത്തിയ ബോംബ് ശേഖരവും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തുന്നതിൽ നിര്‍ണായക പങ്ക് വഹിച്ച ബോംബ് സ്ക്വാഡ് അംഗമായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെ കോഴിക്കോട് റൂറൽ ജില്ല പോലീസ് ഡോഗ് സ്ക്വാഡിൻ്റെ പയ്യോളിയിലെ ആസ്ഥാനത്ത് വെച്ച് അതീവദുഃഖകരമായ അന്തരീക്ഷത്തിലാണ് ലക്കിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. തൃശ്ശൂർ വെറ്റിനറി കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പയ്യോളിയിലെ ഡോഗ് സ്ക്വാഡ് ആസ്ഥാനത്തെത്തിച്ച് ദർശനത്തിന് വെച്ചു. പയ്യോളി സക്വാഡിലെ റോണി, ടൈസൺ, സീത, ജിക്കി എന്നീ നായകൾ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന്റെ മൃതദേഹത്തിന് ആദരമര്‍പ്പിച്ചു.

ഡിജിപിക്ക് വേണ്ടി അഡിഷണൽ എസ്പി പി.എം.പ്രദീപും, എഡിജിപി ബറ്റാലിയന് വേണ്ടി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബാലചന്ദ്രനും, ഇൻ്റലിജൻസ് ഐജിക്ക് വേണ്ടി നാർക്കോട്ടിക് ഡിവൈഎസ്പി ഷാജിയും ജില്ലാ പോലീസ് മേധാവിക്ക് വേണ്ടി പയ്യോളി സിഐ കെ.സി.സുഭാഷ് ബാബുവും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കെ 9 ഡോഗ് സ്ക്വാഡിന് വേണ്ടി എസ്ഐ കെ.കെ.സത്യനും റീത്തുകള്‍ സമർപ്പിച്ചു.

സഹപ്രവര്‍ത്തകരെ സാക്ഷിയാക്കി പുഷ്പാർച്ചന നടത്തിയ ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാര പരേഡ് കൂടി നൽകിയാണ് ലക്കിയെ പയ്യോളി ഡോഗ് സ്ക്വാഡ് ആസ്ഥാനത്ത് സംസ്കരിച്ചത്.