ന്യൂനമർദ്ദം; നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത, കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. കോഴിക്കോട് ഉൾപ്പടെ ആറു ജില്ലകളില്‍ ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ ആലപ്പുഴയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ശനിയാഴ്ച) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മധ്യ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. വടക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, ബംഗ്ലാദേശ് തീരത്തിന് സമീപം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.

തുടര്‍ന്നുള്ള 3 -4 ദിവസങ്ങളില്‍ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങിയേക്കും. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ആറു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Summary: low pressure; Yellow alert likely to intensify in Kozhikode district from tomorrow