വിവാഹാഘോഷത്തിനിടെ ഉഗ്രശബ്ദമുള്ള പടക്കം പൊട്ടിച്ചു; കണ്ണൂരില്‍ നവജാതശിശു ഗുരുതരനിലയില്‍
കണ്ണൂര്‍: വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്ദം കേട്ട് 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയില്‍. കണ്ണൂര്‍ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെ.വി അഷ്‌റവിന്റെയും റിഹ്വാനയുടേയു കുഞ്ഞാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്.
പ്രസവത്തിനു ശേഷം തൃപ്പങ്ങോട്ടൂരിലെ സ്വന്തം വീട്ടിലായിരുന്നു റിഹ്വാനയും കുഞ്ഞും ഉണ്ടായിരുന്നത്. ഇവരുടെ അടുത്ത വീട്ടിൽ കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന പരിപാടിക്കിടെയായിരുന്നു ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചത്. ശബ്ദം കേട്ട് കുഞ്ഞ് ഞെട്ടി ഉണരുകയും 15 മിനുറ്റോളം അബോധാവസ്ഥയിലാവുകയും ചെയ്തെന്ന് കുട്ടിയുടെ അച്ഛൻ അഷ്‌റഫ് പറഞ്ഞു. രാത്രിയും പകലുമായി നിരവധി തവണ ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിച്ചതായും അദ്ദേഹം പറഞ്ഞു.
ഉഗ്രശബ്ദത്തോടെ പടക്കം പൊട്ടിയതിനെ തുടർന്ന് കുഞ്ഞ് കണ്ണും വായും തുറന്ന അവസ്ഥയിലായിരുന്നു. കുറേസമയം കാലിലൊക്കെ തടവി കൊടുത്ത ശേഷമാണ് കുട്ടി സാധാരണ നിലയിലേയ്ക്കെത്തിയത്. കുഞ്ഞിന്‍റെ ശരീരത്തിന്‍റെ നിറം മാറിയതായും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ അതിഭയങ്കര ശബ്ദത്തിൽ വീണ്ടും പടക്കം പൊട്ടിച്ചിരുന്നു. ഈ ശബ്ദത്തോടെ ഞെട്ടിയ കുട്ടിയുടെ ശരീരം പെട്ടെന്ന് കുഴഞ്ഞുപോയി. 15 മിനിറ്റോളം കുട്ടി കണ്ണും വായും തുറന്ന അവസ്ഥയിലായി. പെട്ടെന്ന് കുട്ടിയുടെ നിറം മാറുകയും വായില്‍നിന്ന് നുര വരികയും ചെയ്തു. ഏറെ നേരം കഴിഞ്ഞാണ് കുഞ്ഞ് കണ്ണ് തുറന്നത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കൊളവല്ലൂര്‍ പോലീസില്‍ കുടുംബം പരാതി നല്‍കി.
Summary: Loud firecrackers were set off during the wedding celebrations; Newborn in critical condition in Kannur