ലോട്ടറിയടിച്ചോ? ഇനി സര്‍ക്കാറിന്റെ ക്ലാസിനിരിക്കണം; തുകവാങ്ങി തോന്നിയതുപോലെ ചെലവാക്കാമെന്ന പ്രതീക്ഷ വേണ്ടേവേണ്ട


കോഴിക്കോട്: ലോട്ടറിയടിച്ച് കിട്ടുന്ന തുക ധൂര്‍ത്തടിക്കാതെ ഫലപ്രദമായി ചെലവാക്കാന്‍ ഇനി സര്‍ക്കാര്‍ പഠിപ്പിക്കും. ലോട്ടറി അടിക്കുന്നവര്‍ ഇനിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണം. ഈ ക്ലാസില്‍ സമ്മാനമായി കിട്ടിയ പണം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിജയികളെ ലോട്ടറിവകുപ്പ് പഠിപ്പിക്കും.

ആദ്യ ക്ലാസ് ഇത്തവണത്തെ ഓണം ബംപര്‍ വിജയികള്‍ക്കാണ് നല്‍കുന്നത്. വിവിധ നിക്ഷേപ പദ്ധതികള്‍, നികുതി ഘടന തുടങ്ങിയവയെക്കുറിച്ചെല്ലാം പഠിപ്പിക്കും. പാഠ്യപദ്ധതി ഒരു മാസത്തിനുള്ളില്‍ തയ്യാറാകും. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനിലായിരിക്കും ക്ലാസ്. ഒരുദിവസത്തെ ബോധവത്കരണ ക്ലാസാണ് ലക്ഷ്യം. ബുക്ക്ലെറ്റുകളും വിതരണംചെയ്യും.

ലോട്ടറിയടിക്കുന്നവരില്‍ ഏറിയപങ്കും സാധാരണക്കാരാണ്. വന്‍തുക സമ്മാനം കിട്ടിയിട്ടും അനാവശ്യമായി ചെലവഴിച്ച് സാമ്പത്തിക പ്രതിസന്ധിയിലായ ഒട്ടേറെ സംഭവങ്ങളുണ്ട്. എങ്ങനെ സുരക്ഷിതമായി പണം നിക്ഷേപിക്കാമെന്ന് ധാരണയില്ലാത്തതാണ് പ്രശ്‌നം. ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ലക്ഷ്യമെന്ന് ലോട്ടറി ഡയറക്ടര്‍ എബ്രഹാം റെന്‍ പറഞ്ഞു.