ലോറി ഡ്രൈവർമാർ സമരത്തിൽ; വടകര മേഖലയിലുൾപ്പടെ പാചകവാതക വിതരണം പ്രതിസന്ധിയിൽ, ബുക്ക് ചെയ്ത് ആഴ്ചകളായിട്ടും സിലിണ്ടർ ലഭിച്ചില്ലെന്ന പരാതിയുമായി ഉപഭോക്താക്കൾ


വടകര: മംഗളൂരുവിലെ പ്ലാൻറിൽ നിന്ന് കേരളത്തിലേക്ക് പാചകവാതക സിലിണ്ടർ എത്തിക്കുന്ന ലോറി ഡ്രൈവർമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഇതോടെ മലബാർ മേഖലയിലെ പാചകവാതക സിലിണ്ടർ വിതരണം നിലച്ചു. വടകര മേഖലയിലും ഇതോടെ പാചകവാതക പ്രതിസന്ധി രൂക്ഷമാണ്. ബുക്ക് ചെയ്തിട്ട് ആഴ്ചകളായിട്ടും ​​ഗ്യാസ് സിലിണ്ടർ ലഭിച്ചില്ലെന്ന പരാതിയുമായി ഉപഭോക്താക്കൾ ഏജൻസികളിൽ എത്തിതുടങ്ങി.

കണ്ണൂർ തളിപ്പറമ്ബിൽ സ്വകാര്യ പാചക വാതക ഫില്ലിങ് സ്റ്റേഷനിൽ നിന്ന് സിലിണ്ടറുകളുമായി പോകുന്ന വാഹനങ്ങൾ സമരാനുകൂലികൾ കഴിഞ്ഞ ദിവസം തടഞ്ഞു. വേതന വർധന ഉടമ്പടി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ വെള്ളിയാഴ്ച മുതൽ പണിമുടക്ക് തുടങ്ങിയത്. സ്വാതന്ത്ര്യദിനമായതിനാൽ വ്യാഴാഴ്ചയും വിതരണം നടന്നിരുന്നില്ല. മംഗളൂരുവിനടുത്തുള്ള സൂറത്കലിൽ നിന്ന് ദിവസേന 240 ട്രക്കുകളാണ് വിവിധ കമ്പനികളുടെ പാചകവാതകം നിറച്ച സിലിണ്ടറുകളുമായി മഞ്ചേശ്വരം അതിർത്തി കടന്ന് സംസ്ഥാനത്തെത്തുന്നത്.

ദിവസേന ഒരു ലക്ഷത്തോളം സിലിണ്ടറുകളാണ് ജില്ലകളിലെ വിവിധ വിതരണ ഏജൻസികളിൽ എത്തിക്കൊണ്ടിരുന്നത്. ജൂൺ ഏഴിന് ലേബർ കമീഷനർ മുൻപാകെയുണ്ടാക്കിയ കരാർ നടപ്പാക്കാത്തതാണ് പണിമുടക്കിന് വഴിവെച്ചതെന്നും സി.ഐ.ടി.യു, ബി.എം.എസ് എന്നീ യൂനിയനുകളുടെ പിന്തുണ സമരത്തിനുണ്ടെന്നും വേതന കരാർ പുതുക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച ഹിന്ദുസ്ഥാൻ പെട്രോളിയം ഏജൻസികളുടെ വാഹനങ്ങൾ സർവിസ് തുടങ്ങിയതായും സംയുക്ത സമരസമിതി പ്രവർത്തകർ അറിയിച്ചു.

Description: Lorry drivers on strike; In the cooking gas supply crisis including in Vadakara region, consumers have complained that they have not received the cylinder even after weeks of booking.