വിലങ്ങാട് മലയിൽ കടുവയെ കണ്ടതായി നാട്ടുകാർ; ആശങ്കയോടെ നാട്


നാദാപുരം: നാദാപുരം വിലങ്ങാട് മലയിൽ കടുവയെ കണ്ടതായി നാട്ടുകാർ. കണ്ണവം വയനാട് മേഖലയോട് ചേർന്ന പനോത്ത് ഭാഗത്താണ് കടുവയെ കണ്ടതായി പറയുന്നത്. ഇത് വനമേഖലയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിൽ തുടങ്ങി.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് നാട്ടുകാർ കടുവയെ കണ്ടതായി അറിയിച്ചത്. ജോലി കഴിഞ്ഞെത്തിയ തൊഴിലാളി വീടിന് സമീപത്തെ പറമ്പിലാണ് കടുവയെ കണ്ടത്. ഇയാൾ ഓടി രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തും സമീപ പ്രദേശങ്ങളിലും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വാണിമേൽ പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസം മുൻപ് കടുവയെ നാട്ടുകാരായ ചിലർ കണ്ടതായി വിവരമുണ്ട്. പ്രദേശത്ത് കടുവയുടെ കാൽപ്പാട് കണ്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായും സമീപവാസികൾ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വനമേഖലയിൽ കാട്ടുതീ പടർന്നിരുന്നു.

Summary: Locals say they saw a tiger on Vilangad hill; Country with concern