‘സാധാരണയായി നടന്നു പോകുന്ന വഴിയാണ്, അടുത്തടുത്ത സമയത്താണ് രണ്ടു കുട്ടികൾക്കും നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്, ആദ്യമായാണ് ഇവിടെ ഇങ്ങനെ ഒരു സംഭവം’; നെടുമ്പൊയിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ നാട്ടുകാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


മേപ്പയൂർ: മേപ്പയൂർ പഞ്ചായത്തിലെ നെടുമ്പൊയിലിൽ വിദ്യാർഥികൾക്ക് പരിക്കേറ്റ തെരുവുപട്ടിയുടെ ആക്രമണം പ്രദേശത്ത് ആദ്യമെന്നു നാട്ടുകാർ. രണ്ട് കുട്ടികൾക്കാണ് ഇന്നലെ തെരുവ് നായയുടെ ആക്രമണം ഏറ്റത്. കളത്തിൽ സുബനീഷിൻ്റെ മകൾ തേജാ ലക്ഷ്മി (9), തയ്യുള്ള പറമ്പിൽ ഫയാസിൻ്റെ മകൻ സെബി മുഹമ്മദ് കമാൽ (7) എന്നിവർക്കാണ് കടിയേറ്റത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ‘രണ്ട് സമയങ്ങളിലായിരുന്നു അക്രമം നടന്നത്. സമീപത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു തേജലക്ഷ്മി. ഈ സമയത്തെ ആ വഴിയിലുണ്ടായിരുന്ന നായ കടിക്കുകയായിരുന്നു. ഈ ഭാഗത്ത് മൂന്നു നാലു നായകൾ കിടക്കാറുണ്ടെങ്കിലും ഇത്തരത്തിലൊരു ആക്രമണം ഉണ്ടായിട്ടേ ഇല്ല. സാധാരണ പോകുന്ന പോലെ കുട്ടി നടന്നു പോയപ്പോഴാണ് കടിയേറ്റത്,’ പ്രദേശവാസി പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വലിയ സമയ വ്യത്യാസമില്ലാതെ തന്നെയാണ് സെബിക്ക് നേരെയും അക്രമമുണ്ടായത്.

സെബി മുഹമ്മദ് കമാലിനെ കൊയിലാണ്ടി ഗവ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും പ്രശ്നം ഗുരുതരമല്ലാത്തതിനാൽ ഇന്നലെ തന്നെ തിരികെ വീട്ടിൽ വിടുകയുമായിരുന്നു. സെബിക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കേറ്റ തേജലക്ഷ്മിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസിക്കുകയും ഇന്ന് വീട്ടിലേക്ക് വിശ്രമത്തിനായി തിരികെ വിടുകയും ചെയ്തു.

പഞ്ചായത്തിലെ വിവിധയിടങ്ങൾ തെരുവുനായകളുടെ വിഹാര കേന്ദ്രമായെന്നും മേപ്പയ്യൂർ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണെന്ന ആരോപണവുമുയരുമ്പോഴും ഈ പ്രദേശത്ത് ഇത്തരം കേസുകൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നില്ല. രണ്ട് കുട്ടികളെയും ആക്രമിച്ചത് ഒരേ നായ ആണോ എന്ന കാര്യം വ്യക്തമല്ല.

summary: locals say that the attack by a stray dog that injured students in meppayur was the first in the area