വീണ്ടും കടുവ ഭീതി; താമരശ്ശേരി അടിവാരത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍


താമരശ്ശേരി: അടിവാരത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍. കണലാട് അബ്ദുൽ സലീമിൻ്റെ മകൻ അമീൻ അൽത്താഫാണ് വീട്ടു മുറ്റത്ത് നിന്നും ഇന്നലെ രാത്രി കടുവ കയറിപ്പോകുന്നത് കണ്ടത്. കടുവയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകളും ഇവിടെ നിന്നും കണ്ടെത്തി.

ഈ സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ കാൽപ്പാട് കടുവയുടേതല്ലെന്നും മറ്റേതെങ്കിലും ജീവിയുടേതാകാമെന്നും അറിയിച്ചു. കഴിഞ്ഞ ആഴ്ച അടിവാരം വളളിയാട് ഭാഗത്തും, ചുരത്തിലും കടുവയെ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെയാണ് വീണ്ടും പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ അറിയിച്ചത്. കടുവയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.