കോഴിക്കോട്- കുറ്റ്യാടി റോഡില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍; തെരുവത്തുകടവിനു സമീപം പുളിക്കൂല്‍ ഭാഗത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു, ജീവനക്കാരെ തല്ലിയെന്നാരോപിച്ച് യാത്രക്കാരെ പെരുവഴിയിലിറക്കിവിട്ട് ബസ് ഓട്ടം മുടക്കി


ഉള്ള്യേരി: കോഴിക്കോട് -കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍. അപകടകരമാം വിധമുള്ള ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. തെരുവത്തുകടവിനു സമീപം പുളിക്കൂല്‍ താഴെ ഭാഗത്ത് ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

അതേസമയം പ്രതിഷേധക്കാര്‍ തങ്ങളെ മര്‍ദ്ദിച്ചെന്നാരോപിച്ച് ബസ് ജീവനക്കാര്‍ യാത്ര നിര്‍ത്തിവെക്കുകയും ബസിലുണ്ടായിരുന്ന യാത്രക്കാരെ പെരുവഴിയിലിറക്കിവിടുകയും ചെയ്തു.

തിങ്കളാഴ്ച പകല്‍ അപകടകരമാംവിധം ഓടിച്ച ‘പുലരി’ ബസിനു മുന്നില്‍നിന്ന് പ്രദേശത്തുകാരായ ദമ്പതികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇന്നലെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത്. ബസ് തടഞ്ഞ് വിവരങ്ങള്‍ പറയുന്നതിനിടെ ജീവനക്കാര്‍ പ്രകോപിതരാവുകയും പ്രശ്‌നമുണ്ടാക്കുകയുമായിരുന്നുവെന്നും ജീവനക്കാരെ മര്‍ദിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

അതേസമയം, ബസ് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് വിവരം. നാട്ടുകാരും അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് വരുകയായിരുന്ന ബസില്‍ സ്ത്രീകളും വിദ്യാര്‍ഥികളും അടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ ഏറെനേരം പെരുവഴിയിലായി. പിന്നാലെ വന്ന ബസുകളിലാണ് ഇവര്‍ യാത്ര തുടര്‍ന്നത്.

സംഭവം നടന്ന പുളിക്കൂല്‍ താഴെ ഭാഗത്ത് ഏതാനും മാസങ്ങള്‍ക്കിടെ മൂന്നു ബസ് അപകടങ്ങള്‍ ഉണ്ടാവുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സ്വകാര്യ ബസുകള്‍ ഇപ്പോഴും അപകടഭീതി ഉയര്‍ത്തി അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്.

summary: locals protested against the excessive speed of privet buses on the kozhikode- kuttyadi route