കുടിവെള്ളം ഞങ്ങളുടെ അവകാശം, നല്ലൊരു നാളേയ്ക്കായി നരക്കോട് പുലപ്രക്കുന്ന് മല സംരക്ഷിക്കുക; പ്രതിഷേധ ജ്വാലയെരുക്കി ജനകീയസമിതി


മേപ്പയ്യൂര്‍: നരക്കോട് പുലപ്രക്കുന്ന് മല സംരക്ഷിക്കാന്‍ പ്രതിഷേധ ജ്വാലയൊരുക്കി പ്രദേശവാസികള്‍. ജനകീയസമിതിയുടെ നേതൃത്വത്തില്‍ മഞ്ഞക്കുളം ടൗണില്‍ നിന്നും പുലപ്ര മല വരെയാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിക്കായി കരാറുകാരായ വഗാഡ് കമ്പനിയാണ് സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ആറ് ഏക്കര്‍ ഭൂമിയില്‍ മലയിടിച്ച് മണ്ണെടുക്കുന്നത്.


പുലപ്രമലയിലെ മണ്ണെടുപ്പ് സ്വതവേ ജലക്ഷാമമുള്ള പ്രദേശത്തെ കുടിവെള്ള സ്രോതസുകളെ പ്രതികൂലമായി ബാധിക്കുമെന്നും, വര്‍ഷ കാലത്ത് മണ്ണിടിച്ചിലിനും പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമായേക്കുമെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. ഇതുമൂലം പുലപ്രമലയെ ജനങ്ങള്‍ക്ക് വേണ്ടി നല്ലൊരു നാളേയ്ക്കായി സംരക്ഷിക്കണമെന്നാണ് ജനകീയസമിതിയുടെ ആവശ്യം.


പുലപ്രമലയിലെ മണ്ണെടുപ്പ് തടയുമെന്ന് പ്രഖ്യാപിച്ച് മഞ്ഞക്കുളത്ത് നടന്ന പ്രതിഷേധജ്വാലയില്‍ രവീന്ദ്രന്‍ വള്ളില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നസീമ ചാത്തോത്ത്, സിബില, സൗമിനി, എന്‍.എസ്. അഭിനവ്, സി.പി. രജീഷ്, ചാത്തോത്ത് രജീഷ്, ഷൈജു പനയുള്ള കണ്ടി, ഷിഞ്ചു കാര്‍ത്തിക്, നാരായണന്‍, രവീന്ദ്രന്‍ പുലപ്രമ്മല്‍, നബീല്‍ പുത്തന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.