ആരോഗ്യ വകുപ്പിന്റെ അവഗണന; കൂരാച്ചുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇവ ഒരുക്കാത്തതില്‍ ആക്ഷേപവുമായി നാട്ടുകാര്‍
കൂരാച്ചുണ്ട്: ആശുപത്രിയിലെത്തുന്ന കൂടുതല്‍ പരിചരണം ആവശ്യമായ രോഗികള്‍ക്ക് കിടത്തി ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇത് ഒരുക്കാത്ത നടപടിയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ കൈതക്കൊല്ലിയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയിലാണ് രോഗികള്‍ക്ക് കിടത്തി ചികിത്സ ഒരുക്കാനായി 10ഓളം ബെഡ്ഡുകളും മറ്റ് സൗകര്യങ്ങളും ഉണ്ടായിട്ടും ചികിത്സ ഒരുക്കാതിരിക്കുന്നത്.
നിലവില്‍ ഒ.പി സമയം വൈകുന്നേരം ആറ് മണി വരെ മാത്രമാണ്. കൂടാതെ ലാബോറട്ടറി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാല്‍ ലാബില്‍ കഫം പരിശോധിക്കാന്‍ സൗകര്യം ഒരുക്കാമെന്ന് വികസന സമിതിയില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചുവെങ്കിലും ഇതുവരെ സംവിധാനം ഒരുക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇത്രയേറെ സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രി വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാത്തതിരിക്കുന്നത് ജനങ്ങളോടു കാണിക്കുന്ന അവഗണനയാണെന്നും വ്യാപക ആക്ഷേപവുമുണ്ട്.
എന്നാല്‍ ആശുപത്രിയില്‍ രാത്രി സമയങ്ങളില്‍ പരിശോധനയ്ക്കായ് തുടരാന്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് കിടത്തി ചികിത്സ ഒരുക്കാന്‍ സാധിക്കാത്തതിന് പ്രധാന കാരണമെന്ന് 12ാം വാര്‍ഡ് മെമ്പര്‍ പറയുന്നു.