അപകടങ്ങള്‍ പതിയിരിക്കുന്ന പേരാമ്പ്ര ബൈപ്പാസ്; ഉദ്ഘാടനത്തിന് മുന്‍പ് സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കണെന്ന ആവശ്യം ശക്തം
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ അധികൃതരുടെ ഇടപെടല്‍ വേണമെന്ന അവശ്യവുമായി നാട്ടുകാര്‍. ഉദ്ഘാടനം കാത്തിരിക്കുന്ന ബൈപ്പാസ് നാട്ടുകാരുടെ പ്രതീക്ഷയും ഏറെ കാലത്തെ സ്വപ്‌നവുമാണ്. എന്നാല്‍ വലിയ അപകടങ്ങളാണ് ഇവിടെ പതുങ്ങിയിരിക്കുന്നത്.
ബൈപ്പാസിലെ ഇ.എം.എസ് ഹോസ്പിറ്റല്‍ ജംഗ്ഷനും പൈതോത്ത് റോഡ് ജംഗ്ഷനും ഏറെ അപകട സാധ്യതയേറിയ ഇടങ്ങളാണ്. ഏറ്റവുമൊടുവിലായി ഇവിടെ അപകടം നടന്നത് ഇന്ന് കാലത്താണ്. ഇ.എം.എസ് ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
ഇവിടെ ചെമ്പ്ര റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അമിത വേഗതയിലും പുതിയ ബൈപ്പാസ് റോഡ് വഴി കടന്നു പോവുന്ന വാഹനങ്ങല്‍ സ്ലോ ഡൌണ്‍ ചെയ്യാതെ പോകുന്നതും അപകടത്തിന് കാരണമാകുന്നു. അപകടം ഒഴിവാക്കാനും തടയാനുമായി ഉദ്ഘാടനത്തിന് മുന്‍പ് ശാസ്ത്രീയമായ രീതിയില്‍ അപകട സാധ്യതയുള്ളയിടങ്ങളില്‍ അധികൃതരുടെ നേതൃത്വത്തില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കേണ്ടതുണ്ട്.
സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഇവിടെ സിഗ്നല്‍ ലൈറ്റോ, ഹംപോ, വാഹനങ്ങള്‍ സ്ലോ ഡൌണ്‍ ചെയ്യാനുള്ള മാര്‍ഗങ്ങളോ സ്ഥാപിക്കണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയിലും ശക്തമാണ്. ഇല്ലെങ്കില്‍ ഇവിടെ അപകടങ്ങള്‍ പതിവ് കാഴ്ചയായി മാറും.