കരിവണ്ണൂരില്‍ തോട്ടില്‍ അരി കണ്ടെത്തിയ സാഹചര്യം; ആശങ്കയൊഴിയാതെ നാട്ടുകാര്‍, അരി നിക്ഷേപിച്ച സ്ഥലം സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തയിടം


നടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചായത്തിലെ ചാന്തോട്ട് താഴെ തോട്ടില്‍ അരി കണ്ടെത്തിയ സംഭവത്തില്‍ ആശങ്കയൊഴിയാതെ നാട്ടുകാര്‍.ഏകദേശം അഞ്ച് ചാക്കോളം അരിയാണ് തോട്ടില്‍ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. റേഷന്‍ വിതരണത്തിനായി കൊണ്ടുവന്ന അരിയാണെന്നാണ് സംശയിക്കുന്നത്.

ഇന്നലെ രാത്രിയോടെ ആ ഭാഗത്തേക്ക് ഒരു ഗുഡ്‌സ് വണ്ടി വരുന്ന ശബ്ദം കേട്ടതായും
എന്നാല്‍ അസ്വാഭാവികതയൊന്നും തോന്നാത്തതിനാല്‍ ശ്രദ്ധിച്ചില്ലെന്നും സമീപ വാസി പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ സി.കെ സോമന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇന്ന് രാവിലെ നാട്ടുകാര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തോട്ടില്‍ തള്ളിയ നിലയില്‍ റേഷനരി കണ്ടെത്തിയത്. പ്രദേശത്ത് സി.സി.ടി.വി ക്യാമറകള്‍ ഇല്ലാത്തതിനാലാണ് ആരാണെന്ന് കണ്ടെത്തുന്നത് കൂടുതല്‍ സങ്കീര്‍ണമാവുന്നത്. സംഭവത്തില്‍ പ്രദേശവാസികളെല്ലാം ആശങ്കയിലാണെന്നും അറിയിച്ചു.

കൊയിലാണ്ടി താലൂക്ക് സപ്ലെയ് ഓഫീസിലെ റേഷനിങ് ഓഫീസര്‍മാരായ കെ.കെ ബിജു, ഷീബ, വി.വി ഷിന്‍ജിത്ത്, പി.കെ അബ്ദുള്‍ നാസര്‍, കെ.സജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാകാഡ് സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തുള്ള നാല് റേഷന്‍ കടകളില്‍ ഉടന്‍ തന്നെ റേഷനിങ് ഓഫീസര്‍മാര്‍ പരിശോധന നടത്തിയെങ്കിലും അവിടെ നിന്നൊന്നുമല്ല എന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്ന്‌ റേഷനിങ് ഓഫീസര്‍ വ്യക്തമാക്കി.

വീഡിയോ കാണാം

summary: locals are worried about the incident where rice was found in the stream at Naduvannur