അരളിക്കും ചെണ്ടുമല്ലിക്കുമൊപ്പം സ്റ്റാറായി ചില്ലി റോസും; വടകര ഓണവിപണിയില്‍ തിരക്ക്
വടകര: അരളിയും, ജമന്തിയും, ചില്ലി റോസിനുമൊപ്പം വടകരയിലെ ഓണവിപണി കീഴടക്കി നാട്ടിലെ ചെണ്ടുമല്ലി. അത്തത്തിന് പിന്നാലെ സജീവമായ ടൗണിലെ ഓണവിപണിയിലാണ് പ്രദേശികതലത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി താരമായിരിക്കുന്നത്. തിരുവോണത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ വടകരയില്‍ പൂ വിപണിയില്‍ വന്‍ തിരക്കാണ്. പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, നാരായണ നഗരം എന്നിവടങ്ങളിലാണ് പ്രധാനമായും പൂ സ്റ്റാളുകള്‍ ഉയയര്‍ന്നിരിക്കുന്നത്.
വടകരയിലെ വിവിധയിടങ്ങളില്‍ ഇത്തവണ ചെണ്ടുമല്ലി കൃഷി നടത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂ കൃഷിക്ക് പിന്തുണയുമായി എത്തിയതോടെ നാട്ടിന്‍പുറത്തെ കര്‍ഷകര്‍ക്കും ഇത്തവണ ആവേശം കൂടുതലായിരുന്നു. അത്തം നാളിന് ശേഷം വിപണി കാര്യമായി ഉണര്‍ന്നത്. പിന്നാലെ വടകരയിലെ വിവധിയിടങ്ങളില്‍ പൂ സ്റ്റാളുകള്‍ ഉയരുകയായിരുന്നു. ഗുണ്ടല്‍പേട്ട, ഡിണ്ടിഗല്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും വടകരയിലേക്ക് പൂക്കള്‍ എത്തുന്നത്.
ഓറഞ്ച് ചെട്ടിക്ക് 50രൂപയും മഞ്ഞ ചെട്ടിക്ക് 70രൂപയും, വെള്ള ചെമന്തിക്ക് 200ഉം, വാടാര്‍ മല്ലിക്ക് 70 മാണ് കഴിഞ്ഞ ദിവസങ്ങളിലായി വടകരയിലെ പൂക്കളുടെ വില. വട്ടണ്‍സ് റോസിന് 150 രൂപയാണെങ്കില്‍ ഡാലിയക്ക് 200ഉം, പനിനീര്‍ റോസിന് 150മാണ് വില. കഴിഞ്ഞ് മൂന്ന് ദിവസങ്ങളിലായി 50 രൂപയ്ക്കും 100 രൂപയ്ക്കുമാണ് ആളുകള്‍ പൂക്കള്‍ വാങ്ങുന്നത്. എന്നാല്‍ ഇന്ന് കൂടെ കഴിഞ്ഞാല്‍ വില അല്‍പം കൂടാനാണ് സാധ്യത. തിരുവോണ തലേന്നാണ് പ്രധാനമായും വില കൂടുക.
വെള്ളിയാഴ്ചയാണ് മിക്ക സ്‌ക്കൂളുകളിലും ക്ലബുകളിലുമൊക്കെ ഓണഘോഷങ്ങള്‍ നടക്കുന്നത്. വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇത്തവണ ഗംഭീര ആഘോഷങ്ങളില്ലെങ്കിലും ഒരു പൂക്കളമെങ്കിലും എല്ലായിടത്തും ഇടുന്നുണ്ട്. അതുകൊണ്ടു തന്നെയും ഇന്ന് പൂ വിപണി കൂടുതല്‍ സജീവമാകാനാണ് സാധ്യത.
Description: Local Chendumalli has conquered the Ona market in Vadakara