വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ സബ്‌സിഡി; കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ വനിതാ ആശ്രിതര്‍ക്ക് സ്‌മൈല്‍ കേരള വായ്പാ പദ്ധതി


കോഴിക്കോട്: കേരളത്തില്‍ കോവിഡ് ബാധിച്ച് മുഖ്യവരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടികവര്‍​ഗ/ ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി സ്‌മൈല്‍ കേരള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെയും സംയുക്ത സംരംഭമായ പദ്ധതിയിലൂടെ ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.

വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും ലഭ്യമാണ്. 18 വയസിനും 55 വയസിനുമിടയില്‍ പ്രായമുള്ള മുഖ്യവരുമാനശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.

അപേക്ഷക കേരളത്തില്‍ സ്ഥിരതാമസക്കാരി ആയിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി www.kswdc.org എന്ന വെബ്‌സൈറ്റിലോ 0495-2766454, 9447084454 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

Summary: Loans up to Rs 5 lakh can be availed; Smile Kerala Loan Scheme For Women Dependents Of Covid Victims