പുതിയ സംരംഭം തുടങ്ങാനുള്ള നിര്‍ദ്ദേശങ്ങളും സംരംഭകരുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരവുമേകി; മേപ്പയ്യൂരില്‍ ലോണ്‍ – ലൈസന്‍സ്- സബ്സിഡി മേള


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ -ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ചു. ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പുതിയ സംരംഭകരുമായുള്ള മുഖാമുഖം പരിപാടിയില്‍ വ്യവസായ വകുപ്പ് ഓഫീസര്‍ സുധീഷ് കുമാര്‍ പങ്കെടുത്തു. സംരംഭകരുടെ ആശങ്കകളും സംശയങ്ങളും നീക്കി അവര്‍ക്ക് സംരംഭം തുടങ്ങാനുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കി.

പി.എം.ഇ.ജി.പി, ഇ.എസ്.എസ്, കുടുംബശ്രീ എന്നിവയുടെ വായ്പ അനുമതി പത്രം, മേലടി ബ്ലോക്ക് പഞ്ചായത്ത് വനിത ഗ്രൂപ്പ് സംരംഭത്തിനുള്ള മൂന്ന് ലക്ഷം സബ്സിഡി തുക എന്നിവ മേളയില്‍ വച്ച് വിതരണം ചെയ്തു. കെ.ഇ.എല്‍.എസ്, പി.എം.ഇ.ജി.പി, എസ്.സി വകുപ്പ് തുടങ്ങിയവയുടെ പദ്ധതികളുടെ അപേക്ഷയും സ്വീകരിച്ചു. ഉദ്യം, ഭക്ഷ്യസുരക്ഷ, കെ -സ്വിഫ്റ്റ് പോര്‍ട്ടല്‍ എന്നിവയുടെ രജിസ്ട്രേഷനും നടന്നു. 36 പേരാണ് മേളയില്‍ പങ്കെടുത്തത്.

പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സുനില്‍ മാസ്റ്റര്‍, വി.പി രമ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, വ്യവസായിക വികസന ഓഫീസര്‍ സുധീഷ് കുമാര്‍, എസ്.ബി.ഐ മേപ്പയൂര്‍ ശാഖ മനേജര്‍ എന്‍ സുധീപ്, എം.എസ്.എം. ഇ ഫെസിലിറ്റേറ്റര്‍ എ കിരണ്‍ എന്നിവര്‍ സംസാരിച്ചു.

summary: loan license subsidy mela was organized in meppayur grama panchayath