”വാ അമ്മാവാ കുറച്ച് കുടിച്ചിട്ട് പോകാം” ഓടുന്ന ട്രെയിനില്‍ പരസ്യ മദ്യസേവയും സല്‍ക്കാരവും; വടകര സ്വദേശിയുടെ പരാതിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ പരസ്യ മദ്യസേവയും മദ്യസല്‍ക്കാരവും നടത്തിയ കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍. തൃശൂര്‍ ഭാഗത്തുള്ളവരാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു.
16345 നമ്പര്‍ ലോക്മാന്യ തിലക് -തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് എത്തിയപ്പോളാണ് റെയില്‍വേ പൊലീസ് ഇവരെ പിടികൂടിയത്.
ട്രെയിനിന്റെ ഏറ്റവും പിറകിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ശുചിമുറി കേന്ദ്രീകരിച്ചായിരുന്നു അഞ്ചംഗ സംഘത്തിന്റെ മദ്യസല്‍ക്കാരം. ‘വാ അമ്മാവാ കുറച്ച് കുടിച്ചിട്ട് പോകാം’ എന്ന് പറഞ്ഞ് ആളുകളെ ക്ഷണിച്ച് കുടിപ്പിക്കുകയായിരുന്നു.
പരസ്പരം മദ്യം പകര്‍ന്നും കുടിച്ചും ബഹളം വെച്ച സംഘം, ശുചിമുറിയില്‍ മൂത്രമൊഴിക്കാനും മറ്റും വന്നവരെ വിളിച്ച് മദ്യം പകര്‍ന്നുനല്‍കുകയും ചെയ്തു. ആളുകള്‍ തിങ്ങിനിറഞ്ഞ കമ്പാര്‍ട്ട്‌മെന്റില്‍വെച്ച് പരസ്യമായി പുകവലിക്കുകയും ചെയ്തു.
വടകരയില്‍നിന്ന് കയറിയ യാത്രക്കാരില്‍ ചിലര്‍ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും റെയില്‍വെ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ട്രെയിന്‍ കോഴിക്കോട് എത്തുമ്പോഴേക്കും പൊലീസ് സംഘം സ്ഥലത്തെത്തുകയും മദ്യപസംഘത്തിലെ രണ്ടുപേരെ പിടികൂടുകയും ചെയ്തു. പൊലീസിനെ കണ്ട് മറ്റുള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ മുങ്ങി.