മിന്നൽ ചുഴലിക്കാറ്റ്; വളയം, ചെക്യാട് മേഖലകളിൽ വ്യാപക നാശനഷ്ടം, മരങ്ങൾ വീണ് 20 ൽ അധികം വീടുകൾക്ക് കേടുപാട്, 22 ഓളം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു


വളയം: ഇന്ന് രാവിലെ വീശിയടിച്ച മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. വളയം, ചെക്യാട് മേഖലകളിലാണ് കാറ്റ് വ്യാപക നാശനഷ്ടം വിതച്ചത്. 22 ഓളം വൈദ്യൂത പോസ്റ്റുകളാണ് തകർന്നത്. വളയം പഞ്ചായത്ത് ഒന്നാം വാർ‍ഡിലെ വണ്ണാർക്കണ്ടി, അമ്മൻപാറ, അമ്മൻപാറ മുക്ക്, കത്രികവീട് എന്നിവിടങ്ങളിൽ നിരവധി വലിയ മരങ്ങള്‍ കടപുഴകി വീണു. കത്രികവീട് പ്രദേശത്ത് പന്ത്രണ്ടോളം വീടുകൾക്ക് മുകളിലേക്കാണ് കൂറ്റൻ പ്ലാവ് പൊട്ടിവീണത്.

ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിലും മരം കടപുഴകി വീണ് നിരവധി വീടുകൾ ഭാ​ഗികമായി തകർന്നു. ഓടിട്ട വീടുകളുടെ മേല്‍ക്കൂര കാറ്റിൽ പറന്ന് പോയി കുറുവന്തേരി സ്കൂളിന്റെ ഷീറ്റും കാറ്റിൽ പറന്ന് പോയി. രാവിലെ ഏഴ് മണിയോടെയാണ് ശക്തമായ കാറ്റടിച്ചത്.

മേഖലയില്‍ വൈദ്യുത വിതരണം തടസപ്പെട്ടു. ഇലക്ട്രിക് ലൈനിന് മുകളിൽ വീണ മരങ്ങൾ മുറിച്ച് നീക്കി. വൈദ്യുത ബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. വളയം, ചെക്യാട് വില്ലേജ് ഓഫീസർമാർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.