കായക്കൊടിയിൽ മിന്നൽ ചുഴലി; മൂന്നു വീടുകൾ പൂർണമായും തകർന്നു, വ്യാപക കൃഷിനാശം
കുറ്റ്യാടി: കായക്കൊടിയില്‍ മിന്നല്‍ ചുഴലി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രദേശത്ത് മിന്നല്‍ ചുഴലി വീശിയത്. രണ്ട് മിനിറ്റ് നീണ്ടുനിന്ന മിന്നൽ ചുഴലിയില്‍ വന്‍നാശമാണ് പ്രദേശത്ത് ഉണ്ടായത്. കായക്കൊടി പഞ്ചായത്തിലെ നാവോട്ട്കുന്ന്, പട്ടര്‍കുളങ്ങര ഭാഗങ്ങളിലാണ് കൂടുതല്‍ നാശം ഉണ്ടായത്.
നാവോട്ട്കുന്നില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. രഘു, ജോയ്, ദേവി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. രണ്ട് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഞ്ച് വീടുകളുടെ മുകളില്‍ മരങ്ങള്‍ കടപുഴകി വീണു. പ്രദേശത്തെ നിരവധി വൈദ്യുതി തൂണുകള്‍ തകരുകയും വൈദ്യുതി ബന്ധം താറുമാറാവുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വീടിന് മുകളിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി. വീട് നഷ്ടപ്പെട്ടവരെ താൽക്കാലികമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്. അതേ സമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശകതമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Description: Lightning storm in Kayakkodi;Three houses were completely destroyed