കോഴിക്കോട് ഉൾപ്പടെ നാല് ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട്, കേരളാ തീരത്ത് നാളെ ഉയർന്ന തിരമാലകൾക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ല. എങ്കിലും മലയോര മേഖലകളിലുൾപ്പടെയുള്ളവർ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം.

കേരളാ തീരത്ത് നാളെ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കള്ളകടൽ മുന്നറിയിപ്പുമുണ്ട്. കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്.