‘ടാർപോളിൻ ഷെഡിലെ താമസത്തേക്കാൾ സുരക്ഷിതമുണ്ട് ഇവിടെ’; വീടിനായി കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരവുമായി ആദിവാസി യുവതി (വീഡിയോ)


കൂരാച്ചുണ്ട്: ലൈഫ് പദ്ധതിയിൽ ഭൂമിയും വീടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്തോഫീസിന് മുന്നിൽ കുടികിടപ്പ് സമരം ആരംഭിച്ച് ആദിവാസി യുവതി. മൂന്നാം വാർഡിൽ ഓട്ടക്കാലത്തു താമസിക്കുന്ന മുണ്ടനോലിവയലിൽ സരോജിനിയാണ് പഞ്ചായത്തിനു മുമ്പിൽ സംമരം ആരംഭിച്ചത്. ലെെഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണ് ഇത്തരമൊരു സമരത്തിലേക്ക് സരോജിനിയെ നയിച്ചത്.

ലെെഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കുക,വീട് പണി പൂർത്തീകരിക്കുന്നതു വരെ സുരക്ഷിതമായി താമസിക്കാൻ അധികൃതർ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യമുന്നയിച്ച് ഇന്നതെ മുതലാണ് പഞ്ചായത്തോഫീസിന് മുന്നിൽ സമരംആരംഭിച്ചത്. രാത്രിയിൽ മെഴുകുതിരി വെട്ടത്തിലും അവർ സമരം തുടർന്നു. ടാർപോളിൻ ഷെഡിലെ താമസത്തേക്കാൾ സുരക്ഷിതമുണ്ട് ഇവിടെയെന്നാണ് സരോജിനി പറയുന്നത്.

ജലസേചന വകുപ്പിന്റെ ഭൂമിയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന സരോജിനി ആറ് വര്‍ഷങ്ങളായി താമസിക്കുന്നത്. ടാര്‍പോളിന്‍ വലിച്ചുകെട്ടിയതാണ് ഷെഡ്. ആദ്യം നിര്‍മിച്ച ഷെഡ് മൂന്നു മാസം മുന്‍പ് കാറ്റില്‍ മരം വീണു തകരുകയും ചെയ്തു. തുടര്‍ന്ന് മറ്റാെരു താല്‍ക്കാലിക ഷെഡ് ഉണ്ടാക്കിയാണു ഇപ്പോള്‍ താമസിക്കുന്നത്.

സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ വര്‍ഷങ്ങളായി അപേക്ഷ നല്‍കിയെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്ത സരോജിനിയെ ഭവനരഹിത ലിസ്റ്റില്‍ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. തുടർന്ന് മൂന്ന് മാസം മുമ്പ് ഗ്രാമസഭ യോഗം ഭൂരഹിത ഭവനരഹിത വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് ബോർഡ് യോ​ഗം ചേർന്ന് തുടർനടപടികൾ സ്വീകരിച്ചാൽ മാത്രമാണ് സരോജിനിക്ക് വീട് ലഭ്യമാവുകയുള്ളു. പഞ്ചായത്ത് തുടർ നടപടി സ്വീകരിച്ചില്ലെന്നാണ് സരോജിനി ആരോപിക്കുന്നത്.

സരോജിനിക്കു സ്വന്തമായി ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ ഭൂരഹിത, ഭവനരഹിത ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് 2022 ഓഗസ്റ്റ് ഒന്നിന് ചേര്‍ന്ന ഗ്രാമസഭ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സരോജിനി വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കുകയും ചെയ്തിരുന്നു. ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോൾ സർക്കാരിലേക്ക് അയച്ചിട്ടുണ്ടെന്ന മറുപടിയാണ് അവർ നൽകിയിരുന്നത്. തുടർന്ന് കത്തിന്റെ കോപ്പി ആവശ്യപ്പെട്ടപ്പോഴാണ് പഞ്ചായത്ത് ബോർഡ് ചേർന്ന് ​ഗ്രാമസഭയിലെ തീരുമാനം അം​ഗീകരിച്ച് സർക്കാരിലേക്ക് അയച്ചിട്ടില്ലെന്ന കാര്യം വ്യക്തമാകുന്നത്. തുടർന്നാണ് പഞ്ചായത്തോഫീസിന് മുന്നിൽ സമരം ചെയ്യാൻ സരോജിനി തീരുമാനിക്കുന്നതെന്ന് അഡ്വ. സുമിൻ എസ്.നെടുങ്ങാടൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സമരത്തെ തുടർന്ന് ഇന്ന് അടിയന്തര പഞ്ചായത്ത് ബോർഡ് ചേരാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരവേദിയിൽ എ.കെ.പ്രേമൻ, ഒ.ഡി.തോമസ്, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, റഫീഖ് മൺവീട് എന്നിവർ പ്രസംഗിച്ചു.

Summary: Life mission- tribal lady in Koorachund started strike for home infront of panchyat office