‘നായകൾക്ക് ലൈസൻസ് നിർബന്ധമാക്കും, വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങുന്ന ചിപ്പും നായകളിൽ ഘടിപ്പിക്കും’; ഉന്നതതല യോ​ഗത്തിലെ തീരുമാനങ്ങൾ ഇങ്ങനെ


തിരുവനന്തപുരം: പേ വിഷബാധയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വളർത്തു നായകൾക്കും വാക്സിൻ നിർബന്ധമാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ,​ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

തദ്ദേശ സ്വയംഭരണ വകുപ്പ് വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധമാക്കും. വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങുന്ന ചിപ്പ് നായകൾക്ക് ഘടിപ്പിക്കും.തെരുവ് നായകളുടെ വന്ധ്യംകരണ പ്രക്രിയ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. ഇതിനായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക പദ്ധതി വഴി എ.ബി.സി പ്രോഗ്രാം നടപ്പിലാക്കാനും തീരുമാനിച്ചു.

പേ വിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മപരിപാടി ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് നായകളുടെ കടി ഏൽക്കുന്ന സംഭവങ്ങൾ രണ്ടും മൂന്നും ഇരട്ടിയായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പേ വിഷബാധയ്‌ക്കെതിരായ അവബോധം ശക്തമാക്കും. വാക്സിന്റെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. പൂച്ച, പട്ടി തുടങ്ങിയ മൃഗങ്ങളുടെ കടിയോ, പോറലോ ഏറ്റാൽ ചികിത്സ തേടേണ്ടതാണ്. എല്ലാവരും കൃത്യസമയത്ത് വാക്സിൻ എടുക്കണം. കടിയേറ്റ ആളുകൾക്കുള്ള പ്രഥമ ശുശ്രൂഷ, എത്രയും വേഗം ചികിത്സ ഉറപ്പാക്കൽ, വാക്സിനേഷൻ എന്നിവയിൽ ബോധവത്ക്കരണം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

Summary: A license will be made mandatory for dogs and a chip containing information, including vaccination, will also be attached to the dogs. Here are the decisions taken at the high-level meeting.