അവധിക്കാലം ആഘോഷമാക്കാം, കോഴിക്കോട് നിന്നും കെ.എസ്.ആര്‍.ടി.സിയുടെ ട്രിപ്പുകള്‍; കൂടുതല്‍ വിവരങ്ങള്‍ അറിയാം


വേനലവധിക്കാലം ആരംഭിച്ചു. അവധിയാഘോഷിക്കാന്‍ എല്ലാ സൗകര്യങ്ങളുമായി കെ.എസ്.ആര്‍.ടി.സിയും ഒരുങ്ങിക്കഴിഞ്ഞു. ബജറ്റ് ഫ്രണ്ട്‌ലിയായി ടൂറിസം പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രധാന ആകര്‍ഷണം. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി യാത്രകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആകര്‍ഷകമായ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോ ഒരുങ്ങിക്കഴിഞ്ഞു.

കോഴിക്കോട് നിന്നും ആരംഭിക്കുന്ന സൂപ്പര്‍ ഡീലക്സിലെ ഒരു ദിവസത്തെ നിലമ്പൂര്‍ യാത്രയ്ക്ക് 540 രൂപയാണ് നിരക്ക്. ഇതാണ് ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇതേ വിഭാഗത്തിലെ രണ്ടു ദിവസത്തെ വാഗമണ്‍- കുമരകം യാത്രയ്ക്കാണ് ഉയര്‍ന്ന നിരക്ക്, 4590 രൂപ. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള നെഫര്‍റ്റിറ്റി ക്രൂയിസ് എന്ന ആഡംബര കപ്പലിലെ യാത്രയടക്കമുള്ള പാക്കേജിന് 4130 രൂപയാണ് നിരക്ക്. ഒരു ദിവസത്തെ യാത്രയാണ് ഇത്.

ചൂടുള്ള കാലാവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ അതിരപ്പള്ളി, മൂന്നാര്‍, നെല്ലിയാമ്പതി, ഗവി, സൈലന്റ് വാലി തുടങ്ങിയ തണുപ്പുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകളുണ്ട്. ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുകയാണ്. ഒന്നാം തിയതിയും പതിനഞ്ചാം തിയതി ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല് എന്നിവിടങ്ങളിലേക്ക് ഒരു ദിവസത്തെ യാത്രയുണ്ടായിരിക്കും.

1500 രൂപയാണ് നിരക്ക്. രണ്ട്, അഞ്ച്, 12,19,26 തിയതികളില്‍ രണ്ട് ദിവസത്തെ അതിരപ്പള്ളി – മൂന്നാര്‍ യാത്രയുണ്ട്. ഇതിന് 1830 രൂപയാണ് നിരക്ക്. രണ്ട്, ആറ്, 27 തിയതികളിലായി ഒരു ദിവസത്തെ നിലമ്പൂര്‍ യാത്രയുണ്ട്. ഇതിന് 540 രൂപയാണ് ഈടാക്കുന്നത്. മൂന്നാം തിയതിയാണ് വാഗമണ്‍, കുമരകം യാത്ര. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഈ യാത്രയ്ക്ക് 4590 രൂപയാണ് ഈടാക്കുന്നത്.

ആറ്, 13, 20,27 തിയതികളില്‍ നെല്ലിയാമ്പതിയിലേക്ക് ഒറ്റ ദിവസത്തെ യാത്ര സംഘടിപ്പിക്കുന്നുണ്ട്. 1000 രൂപയാണ് നിരക്ക്. എട്ട്, 17, 29 തിയതികളില്‍ ഗവി, അടവി, പരുന്തന്‍ പാറ എന്നിവിടങ്ങല്‍ലേക്കുള്ള രണ്ട് ദിവസത്തെ യാത്രയ്ക്ക് 3600 രൂപയാണ് നിരക്ക്. 10, 24 തിയതികളില്‍ ഒറ്റ ദിവസം കൊണ്ട് മലക്കപ്പാറ പോയി വരാന്‍ 1050 രൂപയാണ് ചാര്‍ജ്. 13, 27 ഒരു ദിവസത്തെ കണ്ണൂര്‍ യാത്രയുണ്ട്. കണ്ണൂര്‍ ഫോര്‍ട്ട്, പയ്യാമ്പലം ബീച്ച്, അറയ്ക്കല്‍ മ്യൂസിയം എന്നിവ ഉള്‍പ്പെടുന്ന പാക്കേജിന് 730 രൂപയാണ് നിരക്ക്.

17-ാം തിയതി വാഗമണ്‍, മാംഗോ മെഡോസ് (രണ്ട് ദിവസം – 4500 രൂപ), 20-ാം തിയതി വയനാട് ( എന്‍ ഊര്, കാരാപ്പുഴ ഡാം, പൂക്കോട് തടാകം, ഹണി മ്യൂസിയം – 720 രൂപ), 25-ാം തിയതി സൈലന്റ് വാലി (ഒരു ദിവസം – 1750 രൂപ), 26-ാം തിയതി നെഫര്‍റ്റിറ്റി ക്രൂയിസ് ആഡംബരക്കപ്പല്‍ യാത്ര (ഒരു ദിവസം – 4130 രൂപ), 29-ാം തിയതി ആലപ്പുഴ, ഹൗസ് ബോട്ട് യാത്ര (ഒരു ദിവസം – 2050 രൂപ) എന്നിങ്ങനെയാണ് നിരക്ക്. വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനുമായി 9946068832, 9544477954 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

കോഴിക്കോട് ഡിപ്പോയില്‍ നിന്ന് മൂന്ന് വിഭാഗങ്ങളിലായി 13 പാക്കേജുകളില്‍ 28 ട്രിപ്പുകളാണ് ഏപ്രില്‍ മാസത്തില്‍ മാത്രം ക്രമീകരിച്ചിരിക്കുന്നത്. സൂപ്പര്‍ ഡീലക്സ്, ഫാസ്റ്റ് പാസഞ്ചര്‍, ഷോര്‍ട്ട് വീല്‍ എന്നീ വിഭാഗങ്ങളിലായാണ് കെ എസ് ആര്‍ ടി സി കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ യാത്ര ക്രമീകരിച്ചിരിക്കുന്നത്.

Summary: KSRTC trips from Kozhikode; know more details