വന്ധ്യംകരിക്കാനായി പിടിച്ചുകൊണ്ടുപോയ നായകളെ കൂട്ടത്തോടെ കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ സ്കൂൾ പരിസരത്ത് ഇറക്കിവിട്ടു; ന​ഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ


പയ്യോളി: നഗരസഭ വന്ധ്യംകരണത്തിനായി വിവിധ ഡിവിഷനുകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയ തെരുവ് നായകളെ കൂട്ടത്തോടെ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് ഇറക്കി വിട്ടതിനെതിരെ പ്രതിഷേധം. മറ്റുപല ഇടങ്ങളില്‍ നിന്നും പിടിച്ചുകൊണ്ടുപോയ നായകളെ കൂട്ടത്തോടെ ഇവിടെ ഉപേക്ഷിച്ചതാണ് നാട്ടുകാരില്‍ നിന്നും പ്രതിഷേധത്തിന് ഇടയാക്കിയത്.

കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നും മൂന്നോ നാലോ നായകളെ മാത്രമാണ് പിടിച്ചുകൊണ്ടുപോയിരുന്നത്. പ്രദേശത്ത് ഇപ്പോള്‍ 20 ഓളം നായകള്‍ ഒന്നിച്ച് പല സ്ഥലങ്ങളിലും തമ്പടിക്കുകയും മുമ്പ് ഉണ്ടായിരുന്ന നായകളെ ആക്രമിക്കുകയും ചെയ്യുകയാണ്. ആക്രമകാരികളായ നായകളെ പേടിച്ച് മുതിര്‍ന്നവര്‍പോലും ഭയത്തോടുകൂടിയാണ് പുറത്തിറങ്ങുന്നത്.

വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലും മദ്രസകളിലും മറ്റും പോകുന്ന വഴികളില്‍ നായകള്‍ തമ്പടിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ കോട്ടക്കല്‍ മേഖല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ചെറുതും വലുതുമായ നിരവധി വിദ്യാഭ്യാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത്വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ നഗരസഭ അധികാരികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. എന്‍.വൈ.സി കോട്ടക്കല്‍ മേഖലാ കമ്മിറ്റിയും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

Description: let down the dogs that were taken to be sterilized in a group in the school premises; Residents of the area are protesting against the city council