ലെസ്ബിയന്‍ പ്രണയിനികള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ അനുമതി; വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയ താമരശേരി സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ട് ഹൈക്കോടതി


കോഴിക്കോട്: ജീവിത പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പിടിച്ച് കൊണ്ട് പോയ താമരശേരി സ്വദേശിനി നൂറയെ പങ്കാളിക്കൊപ്പം വിട്ടു. ആലുവ സ്വദേശിനിയായ ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പസിലാണ് നടപടി.

തനിക്കൊപ്പം ജീവിക്കാനെത്തിയ പങ്കാളിയെ അവരുടെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയെന്നും ഒരുമിച്ച് ജീവിക്കാന്‍ നിയമ പരിരക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആലുവ സ്വദേശി ആദില നസ്റിന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും അതിനുശേഷം അവരെ കാണിനെല്ലന്നുമാണ് പരാതിയില്‍ പറഞ്ഞത്.

സൗദിയിലെ പഠനത്തിനിടെയാണ് 22കാരിയായ ആദില നസ്റിന്‍ താമരശേരി സ്വദേശിനിയായ 23കാരിയുമായി പ്രണയത്തിലാവുന്നത്. സ്വവര്‍ഗാനുരാഗം വീട്ടില്‍ അറിഞ്ഞത് മുതല്‍ കടുത്ത എതിര്‍പ്പായി നാട്ടില്‍ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടര്‍ന്നു. ലെസ്ബിയന്‍ ജീവിതം നയിക്കുന്ന മറ്റുള്ളവരെക്കുറിച്ച് പഠിച്ചതിന് ശേഷം ഒരുമിച്ച് ജീവിക്കാന്‍ തിരുമാനിക്കുകയായിരുന്നു.

ഈ മാസം പത്തൊന്‍പതിന് ആദില കോഴിക്കോടെത്തി പങ്കാളിയെ വീണ്ടും കണ്ടു ഒരുമിച്ച് ജീവിക്കാന്‍ തിരുമാനിച്ചു. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.അതിന് ശേഷം പെട്ടന്ന് ഒരു ദിവസം താമരശേരിയില്‍ നിന്ന് ബന്ധുക്കളെത്തി നൂറയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില പറഞ്ഞു.