മേപ്പയ്യൂര്‍ ലീഗില്‍ ഭിന്നത രൂക്ഷം; എ.വി അബ്ദുറഹിമാന്‍ ഹാജി അനുസ്മരണം നിര്‍ത്തിവെച്ചു, തര്‍ക്കം ഒന്‍പത് വര്‍ഷം മുന്‍പുള്ള കേസിന്റെ പേരില്‍



മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗിലെ ഭിന്നതയെ തുടര്‍ന്ന് മുന്‍ എം.എല്‍.എ എ.വി അബ്ദുറഹിമാന്‍ ഹാജി അനുസ്മരണപരിപാടി നിര്‍ത്തിവെച്ചു. രണ്ട് തവണ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിലുണ്ടായ തര്‍ക്കം കൈയാങ്കളി വരെയെത്തിയിരുന്നു.

2014ല്‍ മേപ്പയ്യൂര്‍ സലഫി കോളജിലെ നാല് ബസുകള്‍ കത്തിച്ച കേസില്‍ അന്നത്തെ രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും അവരെ രക്ഷിക്കാന്‍ മുസ്‌ലിം ലീഗ് നേതൃത്വം ഇടപെട്ടില്ലെന്നും ആരോപിച്ച് അന്നേ വിഭാഗീയത തുടങ്ങിയിരുന്നു.

കേസില്‍ അകപ്പെട്ടവരെ ഇപ്പോഴും പൊലീസ് വേട്ടയാടുകയാണെന്നും അവരെ സംരക്ഷിക്കാന്‍ നേതൃത്വം ഒരു നടപടിയും സ്വീകരിക്കാത്തതുകൊണ്ട് പാര്‍ട്ടി പരിപാടികളുമായി സഹകരിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒന്‍പത് വര്‍ഷമായിട്ടും ഈ കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല.

മുസ്‌ലിം ലീഗിന് സ്വാധീനമുള്ള കോളജ് മാനേജ്‌മെന്റ് ഒന്നുകില്‍ കേസന്വേഷണം ഊര്‍ജിതമാക്കാന്‍ സമര്‍ദ്ദം ചെലുത്തണമെന്നും അതല്ലെങ്കില്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാവണം എന്നീ ആവശ്യങ്ങളാണ് വിമതവിഭാഗം ഉയര്‍ത്തുന്നത്.

ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിശ്ചലമായ അവസ്ഥയാണ്. ഒക്ടോബര്‍ 27ന് ആണ് അനുസ്മരണം നടത്താന്‍ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്‌ലിം ലീഗിന്റെ സീനിയര്‍ നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനം.

എന്നാല്‍, ശക്തമായ അഭിപ്രായഭിന്നതയെ തുടര്‍ന്ന് മേല്‍ കമ്മിറ്റിയില്‍നിന്ന് വി.വി.എം ബഷീര്‍, ടി.കെ.എ ലത്തീഫ് എന്നിവര്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് ഒക്ടോബര്‍ 27ന് നടത്താന്‍ തീരുമാനിച്ചിരുന്ന അനുസ്മരണപരിപാടി നിര്‍ത്തിവെക്കാന്‍ തീരുമാനമായത്.

ഒരു പ്രാദേശിക തര്‍ക്കത്തിന്റെ പേരില്‍ ലീഗിന്റെ സംസ്ഥാനത്തെ സമുന്നത നേതാവായിരുന്ന എ.വി അബ്ദുറഹിമാന്‍ ഹാജിയുടെ അനുസ്മരണപരിപാടി നിര്‍ത്തിവെച്ചത് എ.വിയെ സ്‌നേഹിക്കുന്ന വലിയവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിരാശയും പ്രതിഷേധവും ഉളവാക്കിയിട്ടുണ്ട്.

വിഭാഗീയത കത്തിനില്‍ക്കുമ്പോളും അത് പരിഹരിക്കാനുള്ള കാര്യക്ഷമമായ ഒരു ഇടപെടലും മണ്ഡലം-ജില്ല നേതൃത്വങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന പരാതിയും അണികള്‍ക്കിടയിലുണ്ട്.