പരിസ്ഥിതി ലോല ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ജില്ലയിലെ മലയോര മേഖലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ
പേരാമ്പ്ര: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. കോടതി കനിയുന്നില്ലെങ്കിൽ കേന്ദ്രം നിയമനിർമ്മാണം നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം.
രാവിലെ ആറുമുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പേരാമ്പ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉൾപ്പെടെ ജില്ലയിലെ 14 പഞ്ചായത്തുകളെ പൂർണമായും കാരശ്ശേരി, താമരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളെ ഭാഗികമായും ഹർത്താൽ ബാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, പത്രം, പാൽ തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് കത്തോലിക്കാ സഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.