ഹര്‍ത്താലില്‍ നിശ്ചലമായി കൂരാച്ചുണ്ട് മേഖല (ചിത്രങ്ങള്‍)


കൂരാച്ചുണ്ട്: സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലില്‍ നിശ്ചലമായി കൂരാച്ചുണ്ട്. എല്‍ഡിഎഫിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണയാണ് കൂരാച്ചുണ്ടിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, പത്രം, പാല്‍ തുടങ്ങിയവയൊഴികെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. ടൂറിസം മേഖലയെയും ഹര്‍ത്താല്‍ ബാധിച്ചിട്ടുണ്ട്.

ഭൂരിഭാഗവും വനമേഖലയായ കൂരാച്ചുണ്ടില്‍ കൂടുതല്‍ പേരും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ബഫര്‍ സോണ്‍ പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ഷകരുടെ ഉപജീവന മാര്‍ഗത്തെയും അത് ബാധിക്കും. നിലവില്‍ ബഫര്‍ സോണ്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വസ്തു ഇടപാടുകളെയും സാരമായി ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു. വന്യ ജീവി സങ്കേതത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ വീട് നിര്‍മ്മാണത്തിന് വരെ നിയന്ത്രണങ്ങളുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹര്‍ത്താലിന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്തത്.