ക്ലർക്കിനെ മാറ്റണമെന്ന പരാതിയിന്മേൽ പഞ്ചായത്ത് ഓഫീസിൽ എൽഡിഎഫ്, എസ്ഡിപിഐ അംഗങ്ങളുടെ വാക്കേറ്റം; പ്രസിഡണ്ട് കുഴഞ്ഞു വീണു
അഴിയൂർ: അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ പഞ്ചായത്ത് ഓഫീസിൽ കുഴഞ്ഞുവീണു. ക്ലർക്കിനെ മാറ്റണമെന്ന പരാതിയിന്മേൽ പഞ്ചായത്ത് ഓഫീസിൽ നടന്ന വാക്കേറ്റത്തെ തുടർന്നാണ് ആയിശ ഉമ്മർ കുഴഞ്ഞ് വീണത്. തുടർന്ന് മാഹി ആശുപത്രിയിലും അവിടെ നിന്നും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ് പ്രസിഡണ്ട്.
പഞ്ചായത്തിലെ താല്ക്കാലിക ജീവനക്കാരിയോട് ക്ലർക്ക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പഞ്ചായത്ത് ഭരണ സമിതിക്ക് കത്ത് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലർക്കിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ്, എസ്ഡിപിഐ അംഗങ്ങളും പ്രാദേശിക നേതാക്കളും ഇന്ന് സെക്രട്ടറി ഓഫീസിലെത്തിയിരുന്നു. പദ്ധതി പ്രവർത്തനങ്ങൾ താളം തെറ്റുന്നതിനാൽ തത്ക്കാലം ക്ളർക്കിനെ മാറ്റാൻ പറ്റില്ലെന്ന് സെക്രട്ടറിയും പ്രസിഡണ്ടും അറിയിച്ചു. തുടർന്ന് ചർച്ചയ്ക്കെത്തിയവർ പ്രസിഡണ്ടിനെ ഭീഷണിപ്പെടുത്തുകയും തടഞ്ഞുവയ്ക്കുകയും ചെയ്തെന്ന് വൈസ് പ്രസിഡണ്ട് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഇതിന് പിന്നാലെ പ്രസിഡണ്ട് കുഴഞ്ഞു വീഴുകയായിരുന്നു.

പ്രസിഡണ്ടിനെ ഭീഷണിപ്പെടുത്തുകയും തടഞ്ഞുവയ്ക്കുകയും ചെയ്തവർക്കെതിരെ പോലിസിൽ പരാതി നൽകുമെന്ന് വൈസ് പ്രസിഡണ്ട് അറിയിച്ചു.