വടകര കണ്ണൂക്കര ദേശീയപാതയിലെ മണ്ണിടിച്ചില്‍: 3 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും, പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണുമെന്നും ഡെപ്യൂട്ടി കലക്ടര്‍
മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കരയില്‍ മണ്ണിടിച്ചിലുണ്ടായ മീത്തലെ മുക്കാളി ഡെപ്യൂട്ടി കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. തുടര്‍ന്ന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി ഒഞ്ചിയം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ദേശീയപാതയ്ക്കരികില്‍ താമസിക്കുന്ന 3 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനും നിലവിലുള്ള സംരക്ഷണ ഭിത്തി കുറേക്കൂടി സുരക്ഷിതമായി നിര്‍മ്മിക്കാനും തീരുമാനിച്ചു.
മാറ്റിതാമസിപ്പിക്കുന്ന 3 കുടുംബങ്ങളുടെ സ്വത്ത്, പറമ്പ് അക്വയര്‍ ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കാനുള്ള നടപടി ജില്ലാ ഭരണകൂടം സംസ്ഥാന ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് ആലോചിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഭീഷണി നേരിടുന്ന ഒരു കുടുംബത്തെ മാറ്റിതാമസിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേയോട് ആവശ്യപ്പെട്ടതായി വാര്‍ഡ് മെമ്പര്‍ വി.പി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നം താല്‍ക്കാലികമായി അവസാനിച്ചിട്ടുണ്ടെന്നും, പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയാണ് മീത്തലെ മുക്കാളിയില്‍ മണ്ണിടിച്ചിൽ ഉണ്ടായത്. ദേശീയപാത നിർമ്മാണത്തിൻ്റ ഭാഗമായി മണ്ണെടുത്ത് കോൺക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. വാഹനങ്ങൾ കടന്ന് പോയി കൊണ്ടിരിക്കുമ്പോഴാണ് ദേശിയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. തലനാരിഴക്കാണ് റോഡിലൂടെ കടന്നുപോയ വാഹനങ്ങൾ അപകടത്തിൽപെടാതെ രക്ഷപെട്ടത്. ഇതേ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു.