ഉരുൾപൊട്ടിയ വിലങ്ങാട് വീണ്ടും അതിശക്തമായ മഴയും മലവെളളപാച്ചിലും; നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു


വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ വിലങ്ങാട് വീണ്ടും ഭീതി പടര്‍ത്തി അതിശക്തമായ മഴയും മലവെളളപാച്ചിലും. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ പുലര്‍ച്ചെ വരെ നീണ്ടതോടെ വിലങ്ങാട് ടൗണ്‍ വീണ്ടും വെള്ളത്തിനടിയിലായി. ടൗണിലെ പാലം മുങ്ങിയതോടെ ഈ വഴിയുള്ള ഗാതാഗവും തടസ്സപ്പെട്ടിരിക്കുകയാണ്.

ഇതെ തുടര്‍ന്ന് മഞ്ഞച്ചീളി ഭാഗത്ത് നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാരിഷ് ഹാളിലേക്കും, വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌ക്കൂളിലേക്കുമാണ് കുടുംബങ്ങളെ മാറ്റിയത്. ആറ് കുടുംബങ്ങളിലായി 30ഓളം പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. പ്രദേശത്ത് മഴ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

മലവെളളപാച്ചിലില്‍ വലിയ പാറകല്ലുകൾ ഒഴുകിയെത്തിയതായി നാട്ടുകാർ പറയുന്നു. വന മേഖലയിലും ശക്തമായ മഴയാണ് പെയ്തത്. അടിയന്തര സാഹചര്യം ഉണ്ടായാൽ കൂടുതൽ പേരെ മാറ്റിപാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല പ്രദേശത്ത് അതീവ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

ജൂലായ് 30നുണ്ടായ ഉരുള്‍പൊട്ടില്‍ വിലങ്ങാട് 18 കുടുംബങ്ങള്‍ക്ക് വീടുകള്‍ പൂര്‍ണമായി നഷ്ടമായിരുന്നു. എണ്‍പതോളം വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടവും ദുരന്തത്തില്‍ മഞ്ഞച്ചീളി സ്വദേശിയായ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

Description: Landslides in Vilangad again heavy rains and mudslides