തിരുവള്ളൂര്‍ കോട്ടപ്പള്ളി പൈങ്ങോട്ടായി കോട്ടപ്പാറമലയില്‍ മണ്ണിടിച്ചില്‍; പത്തോളം കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു
തിരുവള്ളൂര്‍: കോട്ടപ്പള്ളി പൈങ്ങോട്ടായി കോട്ടപ്പാറമലയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ പത്തോളം കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് കോട്ടപ്പാറമല ടാങ്കിനടുത്ത് മലയിടിഞ്ഞ് മലവെള്ളം കുത്തിയൊഴുകിയത്.
വിവരമറിഞ്ഞ് രാത്രിയോടെ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്നാണ് മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ പത്തോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചത്.
വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഇനിയും ഉണ്ടായാല്‍ മുന്‍കരുതല്‍ എന്നതിന്റെ ഭാഗമായാണ് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചതെന്നും കോട്ടപ്പാറമലയുടെ ഭാഗം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
ഇന്ന് രാവിലെ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം ലീന, ബ്ലോക്ക് മെമ്പർമാരായ വള്ളിൽ ശാന്ത എന്നിവരും പഞ്ചായത്ത് – വില്ലേജ് തല ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.