വിലങ്ങാട് കമ്പിളിപ്പാറ ക്വാറിക്കടുത്തും ഉരുൾപൊട്ടി; ഒരു വീട് തകർന്നു, പുറംലോകമറിയാൻ വൈകി


വാണിമേൽ: വിലങ്ങാട് മലയോരത്ത് ഉരുൾപൊട്ടിയ സമയത്ത് കമ്പിളിപ്പാറ ക്വാറിക്കടുത്തും ഉരുൾപൊട്ടി. ഒരുവീട് പൂർണമായും തകർന്നിരുന്നു. എന്നാൽ, സംഭവം പുറംലോകം അറിയാൻ വൈകി. മലയങ്ങാട് കമ്പിളിപ്പാറയിലെ കരിങ്കൽക്വാറിക്കടുത്ത് രണ്ടു ഭാഗത്തായാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിൽ മലയങ്ങാട് നുറുക്കുകല്ലിൽ വിജയന്റെ വീടാണ് തകർന്നത്.

ഉരുൾപൊട്ടലിന് മിനിറ്റുകൾക്കുമുമ്പ് സമീപത്തേക്ക് മാറിയതിനാൽ വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തുള്ള വീട്ടുകാരും കമ്പിളിപ്പാറയിലെ കോളനിനിവാസികളും റോഡിലേക്കും സുരക്ഷിതമായ സ്ഥലങ്ങളിലേക്കും മാറിയതിനാൽ വൻ ദുരന്തമൊഴിവായി. കമ്പിളിപ്പാറയിൽ ക്വാറിതുടങ്ങുന്നതിനെതിരേ നാട്ടുകാർ മാസങ്ങൾക്കുമുൻപ് സമര രംഗത്തിറങ്ങിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശം ഒറ്റപ്പെട്ടിരുന്നു. 25 ലധികം ചെറുതും വലുതുമായ ഉരുള്‍ പൊട്ടലുകളാണ് വിലങ്ങാട് പ്രദേശത്ത് ഉണ്ടായത്. ചില മേഖലകളിലേക്ക് വെള്ളിയാഴ്ചയോടെയാണ് പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിച്ചത്. പ്രദേശത്തുള്ളവരെ പുറം ലോകത്തെത്തിക്കാനുള്ള മുച്ചങ്കയം പാലം ഉരുൾപ്പൊട്ടലിൽ തകർന്നുകിടക്കുകയാണ്.