വടകര കണ്ണൂക്കര ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
ഒഞ്ചിയം: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കരയിൽ മണ്ണിടിച്ചിൽ. ദേശീയപാത നിർമ്മാണത്തിൻ്റ ഭാഗമായി മണ്ണെടുത്ത് കോൺക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
വാഹനങ്ങൾ കടന്ന് പോയി കൊണ്ടിരിക്കുമ്പോഴാണ് ദേശിയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. തലനാരിഴക്കാണ് റോഡിലൂടെ കടന്നുപോയ വാഹനങ്ങൾ അപകടത്തിൽപെടാതെ രക്ഷപെട്ടത്. ഇതേ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കിലോ മീറ്ററുകൾ ദൂരത്തിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
മണ്ണിടിഞ്ഞ് വീണ ഭാഗങ്ങളിൽ വീണ്ടും അപകടത്തിന് സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ കാലവർഷത്തിൽ ഈ ഭാഗം തകർന്ന് വീണതിനെ തുടർന്ന് റവന്യു അധികൃതർ സ്ഥലം സന്ദർശിച്ച് സംരക്ഷണ ബിത്തി ഒരുക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപെട്ടിരുന്നു. ഇതെ തുടർന്ന് കഴിഞ്ഞ മാസമാണ് കോൺക്രീറ്റ് ചെയ്ത് ഈ ഭാഗം ഉറപ്പിച്ച് നിർത്തിയത്.