‘ചെളിയിൽ കുടുങ്ങിയ ട്രാവലർ ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്’; വടകരയിൽ നിന്നുള്ള ടൂറിസ്റ്റുകൾ മൂന്നാറിൽ അപകടത്തിൽപ്പെട്ടതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്; തിരച്ചിൽ രാവിലെ തുടരും


മൂന്നാര്‍: വടകരയിൽ നിന്ന് പോയ ടൂറിസ്റ്റ് സംഘം അകപ്പെട്ട മൂന്നാറിലെ മണ്ണിടിച്ചിൽ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. വടകര സ്വദേശികൾ സഞ്ചരിച്ച വാഹനം ചെളിയിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിക്കവെ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. പതിനൊന്നംഗ സംഘത്തിലെ ഒരാളെ കാണാനില്ല, മഴയും കാട്ടാന ഭീഷണിയും കണക്കിലെടുത്ത് തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും രാവിലെ മുതല്‍ വീണ്ടും പുനരാരംഭിക്കും.

കോഴിക്കോടും വടകരയിലുമുള്ള സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളുമടങ്ങുന്ന പതിനൊന്ന് പേർ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തിൽ പെട്ടത്.ചെളിയിൽ വീണ ട്രാവലറിന്റെ ടയർ പുറത്തെടുക്കാർ ശ്രമിക്കവേ മണ്ണിടിയുന്ന ശബ്ദം കേട്ട് വണ്ടിയിൽ നിന്നിറങ്ങി പല വഴി ഓടുകയായിരുന്നു. ട്രാവലർ റോഡിൽ നിന്ന് ഒന്നരക്കിലോമീറ്റർ താഴേക്ക് വീണു. ഡ്രൈവർ ഉൾപ്പെടെ പത്ത് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എന്നാൽ സംഘത്തിൽപ്പെട്ട രൂപേഷിനെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. ഭാര്യയും കുഞ്ഞും അമ്മയും രൂപേഷിനൊപ്പം വന്നിരുന്നു.

സംഭവത്തിൽ നിന്ന് രക്ഷപ്പെട്ടവരെ മൂന്നാർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി വിവരങ്ങൾ ശേഖരിച്ച് മൂന്നാറിലെ റൂമിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. മൂന്നേമുക്കാലോടെ വിവരമറിഞ്ഞ സബ് കലക്ടറും സർക്കിൾ ഇൻസ്പെക്ടറും മറ്റ് ജനപ്രതിനിധികളും അപകടം നടന്ന സ്ഥലത്തെത്തി. മറിഞ്ഞ് താഴേക്ക് വീണ വണ്ടിയിലടക്കം കയറി പരിശോധന നടത്തിയെങ്കിലും കാണാതായ ആളെ കണ്ടെത്താനായിട്ടില്ല.

കനത്ത മഴയും ആന ശല്യവും കാരണം രാത്രി ഏഴരയോടെ താൽക്കാലികമായി തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണെന്നും രാവിലെ ആറിന് തിരച്ചിൽ പുനരാരംഭിക്കുമെന്നും കുണ്ടല പഞ്ചായത്ത് പ്രസിഡന്റ് കവിതാകുമാരി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നേരത്തേ തന്നെ അപകടങ്ങൾ പതിവായ മേഖലയായതിനാൽ ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകിയാലും ആരും അത് ഗൗരവമായി എടുക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.