ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് രക്ഷാപ്രവര്‍ത്തനം തുടരുന്നു; കാണാതായ ആൾക്കായി തിരച്ചിൽ ഊര്‍ജ്ജിതം, ഉരുട്ടി പാലം അപകടാവസ്ഥയിൽ
വിലങ്ങാട്: ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. വിലങ്ങാട് ടൗണ്‍ പ്രദേശത്ത് 15 വീടുകള്‍ ഭാഗികമായി തകര്‍ന്നുവെന്നാണ് വിവരം. ഇവിടങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
മഞ്ഞച്ചീലിയില്‍ ഭാഗത്തുള്ളവരെ പാരിഷ് ഹാളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ഏതാണ്ട് നൂറോളം പേര്‍ ഈ പ്രദേശത്ത് മാത്രമായുണ്ട്. ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
അതേ സമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ മാത്യു എന്നയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ആദ്യം ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ഇയാള്‍ വീടിന് പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് സമീപത്തെ കടയില്‍ കയറി നിന്നതിന് ശേഷമാണ് മാത്യുവിനെ കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം.
മഞ്ഞച്ചീലി ഭാഗത്ത് രണ്ടുമേഖലയിലെ രണ്ടുപാലങ്ങളിലും വലിയ തോതില്‍ കല്ലും മഞ്ഞും അടിഞ്ഞും ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്ന് വീണതിനാലും മറുവശത്തേക്ക് പോകാന്‍ സാധിക്കാത്ത നിലയിലാണ്. പാലത്തിന് മറുവശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കറണ്ടും മറ്റും ഇല്ലാത്തതിനാല്‍ പലരുടെയും ഫോണ്‍ ഓഫായ നിലയിലാണ്. മറുവശത്തുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത സ്ഥിതിയുമുണ്ട്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വിലങ്ങാട് ഉരുട്ടി പാലം അപകടാവസ്ഥയിലാണ്. പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നിരിക്കുകയാണ്. അതി ശക്തമായാണ് പുഴയിലൂടെ വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്.