ഉരുൾപൊട്ടൽ ദുരന്തം, കേരളത്തിൽ സമഗ്ര പഠനം അനിവാര്യം; ‘വയനാട് ദുരന്തം കേരളത്തോട് പറയുന്നത്’ എന്ന വിഷയത്തിൽ കോഴിക്കോട് ശില്പശാല


കോഴിക്കോട്: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളെ പറ്റി സമഗ്ര പഠനം നടത്തണം. ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വയനാട് ദുരന്തം കേരളത്തോട് പറയുന്നത്’ എന്ന വിഷയത്തിൽ നടന്ന ശില്പശാല ആവശ്യപ്പെട്ടു. അടിയന്തരവും ദീർഘകാലത്തേക്കുമുള്ള നടപടികൾ ഇക്കാര്യത്തിൽ വേണം. കേരളത്തിൽ നടന്ന വികസനപദ്ധതികളെ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും അതിതീവ്ര മഴ പെയ്താൽ ഉരുൾപൊട്ടാൻ സാധ്യതയുള്ള മേഖലകൾ ഇനിയും കേരളത്തിലുണ്ടെന്ന് ശില്പശാലയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

ഇവരെ പുനരധിവസിപ്പിക്കാനും അക്കാര്യം നടപ്പാകുന്നത് വരെ അതിതീവ്ര മഴയുള്ളപ്പോൾ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റാനുമുള്ള ഇടപെടൽ ഉണ്ടാകണം. ശാസ്ത്രീയമായ വിവരങ്ങൾ അതത് സമയത്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്നതും അത്യാവശ്യമാണ്. പ്രാദേശികമായി മഴയുടെ തോത് തിട്ടപ്പെടുത്താൻ സംവിധാനങ്ങൾ സ്ഥാപിക്കുകയും ഫലപ്രദമായ മുന്നറിയിപ്പ് നൽകുകയും വേണം. കേരളത്തിലെ ഭൂവിനിയോഗത്തിൽ പുനപരിശോധന അത്യാവശ്യമാണ്. അപകട സാധ്യതയുള്ള മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വേണമെന്നും അഭിപ്രായം ഉയർന്നു.

ഡോ.ടി.വി.സജീവ്, ജോസഫ്.സി.മാത്യു, എ.സഹദേവൻ, ഡോ.വിഷ്ണുദാസ് വയനാട് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. പി.ജെ.ബേബി, പി.കെ.വേണുഗോപാലൻ, എൻ.പി.ചേക്കുട്ടി, എൻ.സുബ്രഹ്മണ്യൻ, വി.വിജയകുമാർ, സ്മിത പി.കുമാർ, ഡോ.കെ.എൻ.അജോയ് കുമാർ, എൻ.കെ.മധുസൂദനൻ, എ.മുഹമദ് സലീം തുടങ്ങിയവർ സംസാരിച്ചു. ഈ രംഗത്തെ തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജോസഫ്.സി.മാത്യു കൺവീനറായി 23 അംഗ പ്രിപ്പറേറ്ററി കമ്മിറ്റിക്ക് ശില്പശാല രൂപം നൽകി.

Description: Landslide Disaster, Comprehensive Study Necessary in Kerala; Workshop in Kozhikode on the topic ‘Wayanad Tragedy Tells Kerala’