പുഴയും പുറമ്പോക്ക് ഭൂമിയും കയ്യേറിയുള്ള നിർമ്മാണ പ്രവൃത്തികൾ തകൃതി; വേളത്തെ അനധികൃത കൈയ്യേറ്റത്തിനെതിര അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍


വേളം: വേളത്ത് ഭൂമികൈയ്യേറ്റം വ്യാപകമാകുന്നതായി പരാതി. പഞ്ചായത്തിലെ കോടികള്‍ വിലമതിക്കുന്ന റവന്യൂ ഭൂമികളാണ് സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈയ്യേറുന്നത്. കുറ്റ്യാടിപുഴയുടെ തീരപ്രദേശങ്ങളായ ഗുളികപ്പുഴ, ഉത്തായി മണപ്പുറം, തറവട്ടത്ത് കടവ്, തുടങ്ങിയ സ്ഥലങ്ങളാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയത്. പുഴയോട് അടുത്ത് നില്‍ക്കുന്ന പ്രദേശങ്ങളിലെ ടൂറിസ വികസന സാധ്യതകള്‍ മുന്നില്‍ കണ്ടാണ് കൈയ്യേറ്റം ഇത്തരം സ്ഥലങ്ങളില്‍ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത്. മണല്‍ച്ചാക്കും മണ്ണുംകൊണ്ടാണ് ഉപയോഗിച്ചാണ് പുഴ കൈയ്യേറുന്നത്.

പുഴയും ഭൂമിയും കൈയ്യേറുന്നതിനെതിരെയും നിയമാനുസൃതമല്ലാതെ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുന്നതിനെതിരെയും നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അനധികൃത കൈയ്യേറ്റങ്ങള്‍ ചൂണ്ടിക്കാണിച്ച് ചിലര്‍ കോടതിയില്‍ നിന്ന് കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വിധി സമ്പാദിച്ചെങ്കിലും ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

തുടര്‍ച്ചയായി പരാതികള്‍ നല്‍കിയ ശേഷവും പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ പൊതുസ്ഥലം കൈയ്യേറി നിര്‍മ്മാണ പ്രവൃത്തികള്‍ തുടരുകയാണ്. പുഴ, പുറമ്പോക്ക്, റോഡുകള്‍, തോടുകള്‍ തുടങ്ങിയവയാണ് തോനിനയപോലെ കൈയ്യേറുന്നത്. പുത്തുർ താഴെ വയൽ, വലക്കെട്ട്, കുറിച്ചകം, തുടങ്ങിയ സ്ഥലങ്ങളില്‍ വലിയതോതില്‍ പാടശേഖരങ്ങളും തണ്ണീർതടങ്ങളും മണ്ണിട്ടുനികത്തുന്നുമുണ്ട്. പള്ളിയത്ത് – പെരുവയൽ റോഡ് ഒരു സ്വകാര്യ വ്യക്തി കയ്യേറി നിർമ്മാണ പ്രവൃത്തി നടത്തിയിട്ട് പോലും അതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.

വേളത്തെ അനധികൃത ഭൂമി കൈയ്യേറ്റ പ്രശ്നത്തില്‍ പരിഹാരം കാണാനായി ഭൂ സര്‍വേ നടത്താന്‍ അനുമതി തേടി താലൂക്കില്‍ അപേക്ഷ സമര്‍പ്പിച്ചതായി വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. പഞ്ചായത്തിനുള്ളില്‍ നിരവധി പുറമ്പോക്ക് ഭൂമികള്‍ ഉള്ളതായും പലരും അതിനകത്ത് വര്‍ഷങ്ങളായി കൃഷിയും മറ്റും നടത്തിവരുന്നതായും അവര്‍ പറഞ്ഞു. പല ഭൂമികളുടെയും ഉടമസ്ഥരാരെന്ന വ്യക്തതയില്ലാത്തതിനാലാണ് ത്വരിതഗതിയില്‍ നടപടികള്‍ കൈക്കൊള്ളാന്‍‌ സാധിക്കാത്തതെന്നും സര്‍വേ നടത്തി ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് വ്യക്തതയുണ്ടാക്കി എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കുമെന്നും നയീമ കുളമുള്ളതില്‍ പറഞ്ഞു.