ചുരം കയറണമെന്നില്ല, വയനാടന്‍ യാത്ര തുരങ്കത്തിലൂടെയും; ആനക്കംപൊയില്‍- മേപ്പാടി തുരങ്കപാതക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവ്


കോഴിക്കോട്: ചുരം കയറാതെ വയനാട്ടിലേക്ക് യാത്ര പോവാന്‍ ഇനി അതികനാള്‍ കാത്തിരിക്കേണ്ടിവരില്ല. ആനക്കംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതക്കും അനുബന്ധ റോഡ് നിര്‍മാണത്തിനും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അംഗീകാരം. കലക്ടറുടെയും വിദഗ്ധ സമിതിയുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് റവന്യൂ അഡീഷണല്‍ സെക്രട്ടറി ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ ഉത്തരവായത്.

തിരുവനമ്പാടി, കോടഞ്ചേരി വില്ലേജില്‍ ഉള്‍പ്പെട്ട 27.55 ഏക്കര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുക.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിന് പബ്ലിക് ഹിയറിങ് നടത്തുകയും ഇതു സംബന്ധിച്ച് സാമൂഹ്യാഘാതപഠനം നടത്തുന്നതിന് മെയ് 25ന് ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ഡോണ്‍ബോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പദ്ധതി സംബന്ധിച്ച് സാമൂഹ്യാഘാത പഠനം നടത്തി ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കുകയായിരുന്നു.

റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനായി കോഴിക്കോട് കലക്ടര്‍ വിദഗ്ധ സമിതിയും രൂപീകരിക്കുകയും ഈ സമിതി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകണമെന്ന് കലക്ടറുടെ ശുപാര്‍ശ ഈ മാസം 16ന് സര്‍ക്കാരിന് സമര്‍പ്പിച്ചു.

summary: land acquisition process for tunnel to wayanad has started