നാട്ടുകാരുടെ കാത്തിരിപ്പിന് അവസാനമാകുമോ?; കുട്ടോത്ത്- അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ ഉടൻ പൂർത്തിയാകുമെന്ന് റവന്യൂ മന്ത്രി


മണിയൂർ: കുറ്റ്യാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന മണിയൂർ പഞ്ചായത്തിലെ പ്രധാന റോഡായ കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡിൻ്റെ ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കി. കുറ്റ്യാടി എംഎൽഎ കെ.പി.കുഞ്ഞമ്മദ്കുട്ടി ഉന്നയിച്ച സബ്‌മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റോഡ് വികസനം പ്രദേശ വാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പാണെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി സബ്‌മിഷൻ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. 2021 ലെ സർക്കാർ ഉത്തരവ് പ്രകാരം റോഡിന്റെ നിർമാണത്തിനായി സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് അംഗീകാരം ലഭിച്ചതാണ്. തുടർന്ന 2023 നവംബർ മാസം 11 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും ഉണ്ടായി. സർവേയർമാരുടെ കുറവു കാരണം ഭൂമി ഏറ്റെടുക്കൽ നടപടികളിൽ കാലതാമസം നേരിടുന്നത് പരിഹരിക്കണമെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സബ്‌മിഷനിൽ ആവശ്യപ്പെട്ടു.

അലൈൻമെന്റ് പ്രകാരമുള്ള സർവേ ജോലികൾ പുരോഗമിച്ചു വരികയാണെന്നും സർവേയർമാരുടെ കുറവ് ഭൂമി ഏറ്റെടുക്കൽ വൈകുന്നതിന് കാരണമാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഡിജിറ്റൽ റീസർവേ പദ്ധതി സമയബന്ധിതമായി തീർപ്പാക്കേണ്ടതിനാൽ സർവേയർമാരെ മുഴുവൻ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുണ്ടെങ്കിലും കുട്ടോത്ത്- അട്ടക്കുണ്ട് കടവ് റോഡിനായി കൂടുതൽ സർവ്വേയർമാരെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.