അടിസ്ഥാന സൗകര്യങ്ങളില്ല, ടിക്കറ്റ് നിരക്ക് വര്‍ധന മുറപോലെ; കക്കയത്ത് ടൂറിസം സെന്ററില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധമുയരുന്നു
കൂരാച്ചുണ്ട്: അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ കക്കയം ടൂറിസം സെന്ററില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധമുയരുന്നു. ഇക്കോ ടൂറിസം സെന്ററില്‍ മുതിര്‍ന്നവരുടെ പ്രവേശന ഫീസ് 50 രൂപയില്‍ നിന്ന് 60 രൂപയും കുട്ടികളുടെ നിരക്ക് 30 രൂപയില്‍ നിന്ന് 40 രൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ ടിക്കറ്റ് നിരക്ക് പത്തുവരൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.
ഇക്കോ ടൂറിസത്തിന്റെ തുടക്കസമയത്ത് പത്തുരൂപയാണ് പ്രവേശന ഫീസായുണ്ടായിരുന്നത്. ഇന്നത് 60 രൂപയില്‍ എത്തിയെങ്കിലും ഇക്കാലത്തിനിടെ ടൂറിസം കേന്ദ്രത്തിന് യാതൊരു വികസനവുമുണ്ടായിട്ടില്ല. പഴയ കാലത്തുണ്ടായിരുന്ന വികസനം പോലും കാലാനുസൃതമായി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ തകരുകയാണുണ്ടായതെന്നാണ് സഞ്ചാരികള്‍ പറയുന്നത്. ഉരക്കുഴി വെള്ളച്ചാട്ടം കാണാന്‍ നിര്‍മ്മിച്ച തൂക്കുപാലം വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഉരക്കുഴിയിലേക്കുള്ള നടപ്പാതയിലും കാല്‍നടയാത്ര ദുഷ്‌കരമാണ്.
ഡാം സൈറ്റിലെത്തിയാല്‍ സ്വസ്ഥമായി അല്പമിരുന്ന് വിശ്രമിക്കാന്‍ പോലും ഇരിപ്പിട സൗകര്യമില്ല. സ്പീഡ് ബോട്ടാണ് ആകെ യാത്രികര്‍ക്ക് പ്രത്യേകമായുള്ള സൗകര്യം. ഡാം സൈറ്റിലേക്ക് വ്യൂ കിട്ടുന്ന തരത്തില്‍ ഇരിക്കാന്‍ കഴിയുന്ന മരത്തിന്റെ ഭംഗിയുള്ള ഇരിപ്പിടങ്ങള്‍ കുറച്ചുകാലം മുമ്പ് ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം തകര്‍ന്നിരിക്കുകയാണ്. പുതുക്കിപണിയാനുള്ളതൊന്നും ചെയ്തിട്ടുമില്ല.

ഡാം സൈറ്റ് മേഖലയില്‍ വനംവകുപ്പിന് വാഹന സൗകര്യമില്ല. ഇതും സഞ്ചാരികളെ ബുദ്ധിമുട്ടിക്കുകയാണ്. ശൗചാലയം, ഇരിപ്പിടം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ണമായി നടപ്പായിട്ടില്ല. പ്രദേശത്ത് മൊബൈല്‍ ഫോണുകള്‍ക്ക് റെയ്ഞ്ചില്ലാത്തതും പ്രതിസന്ധിയാണ്.
ഏറെ പരാതികള്‍ക്കുശേഷം ഡാം സൈറ്റ് മേഖലയില്‍ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നിരുന്നെങ്കിലും പൂര്‍ണനിലയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കക്കയംവാലി ടൂറിസം പദ്ധതിക്ക് 2005 തുടക്കമിട്ടിരുന്നെങ്കിലും തുടര്‍പ്രവൃത്തിയുണ്ടായിട്ടില്ല.
നിരക്ക് വര്‍ധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കക്കയം അങ്ങാടിയില്‍ പ്രതിഷേധ തെരുവുതെണ്ടല്‍ സാഹാഹ്നം സംഘടിപ്പിച്ചു. കക്കയം ഇക്കോ ടൂറിസം സെന്റില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിനോദസഞ്ചാരികളെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ ഇടയ്ക്കിടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് പ്രദേശത്തെ ടൂറിസം സാധ്യതകളെ ഇല്ലാതാക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
തൊട്ടടുത്ത വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിലും തോണിക്കടവിലും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. എന്നാല്‍ ഇതിന്റെ പത്തിലൊന്ന് ആളുകള്‍പോലും കക്കയത്തേക്ക് എത്തുന്നില്ല. ഇതിന് കാരണം വനംവകുപ്പിന്റെ വികസന വിരുദ്ധ നിലപാടുകളാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
പ്രതിഷേധ തെരുവുതെണ്ടല്‍ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡാര്‍ളി പുല്ലംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ബേബി തേക്കാനത്ത്, ആന്‍ഡ്രൂസ് കുര്യാക്കോസ്, ജോസ്ബിന്‍ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പന്‍കണ്ടി, കുഞ്ഞാലി കോട്ടോല, ഗാള്‍ഡിന്‍ കക്കയം, ഷാനു ദുജ എന്നിവര്‍ സംസാരിച്ചു.